കൊല്ലം: സ്ത്രീധനത്തിന്റെപേരിൽ ഭർത്തൃവീട്ടിൽ വിസ്മയ നേരിട്ടത് ക്രൂരപീഡനങ്ങളെന്ന് സാക്ഷി. വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ ഭാര്യ ഡോ. രേവതിയാണ് ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി സുജിത് മുമ്പാകെ സാക്ഷിമൊഴി നൽകിയത്.

കിരൺ ഭിത്തിയോടു ചേർത്തുനിർത്തി കഴുത്തിൽ കുത്തിപ്പിടിക്കുകയും ചവിട്ടി നിലത്തിട്ട് മുഖത്ത് കാൽകൊണ്ട് ചവിട്ടിപ്പിടിക്കുകയും ചെയ്യുമായിരുന്നെന്ന്‌ വിസ്മയ പറഞ്ഞതായി അവർ മൊഴിനൽകി. വിജിത്തിന്റെ വിവാഹാലോചന വന്നതുമുതൽ വിസ്മയയുമായി സംസാരിക്കാറുണ്ടായിരുന്നു. സന്തോഷവതിയും പ്രസരിപ്പുമുള്ള കുട്ടിയായിരുന്നു വിസ്മയ. വിവാഹം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോൾ വിസ്മയ മ്ലാനവതിയായി. സ്ത്രീധനത്തിന്റെ കാര്യംപറഞ്ഞ് ശാരീരികമായി ഉപദ്രവിക്കുന്നതും മാനസികമായി കുത്തിനോവിക്കുന്നതും നേരിൽ പറയുകയും വാട്‌സാപ്പിൽ സന്ദേശമായി അയയ്ക്കുകയും ചെയ്തിരുന്നു.

കാർ ഇഷ്ടപ്പെട്ടില്ലെന്നുപറഞ്ഞ് ഓണസമയത്ത് വഴിയിൽവെച്ച് വഴക്കുണ്ടായപ്പോൾ വിസ്മയ റോഡിൽ ഇറങ്ങിനിന്നു. വിസ്മയ ’ഞാനൊരു വേസ്റ്റാണോ ചേച്ചി’ എന്നു ചോദിച്ചതായും മൊഴിനൽകി. വിജിത്തിന്റെ വിവാഹത്തിന് കിരൺ പങ്കെടുത്തില്ല. പിന്നീട് വിസ്മയ അനുഭവിച്ച എല്ലാ വിഷമങ്ങളും തുറന്നുപറഞ്ഞു. ഗൾഫുകാരന്റെ മകളും മർച്ചന്റ് നേവിക്കാരന്റെ പെങ്ങളുമാണെന്ന് വിചാരിച്ചാണ് കല്യാണം കഴിച്ചതെന്ന് കിരൺ പറയുമായിരുന്നു. പക്ഷേ, കിട്ടിയത് ഒരു പാട്ടക്കാറും വേസ്റ്റ് പെണ്ണുമാണെന്നും കിരൺ പറഞ്ഞിരുന്നു.

മാനസികസമ്മർദം താങ്ങാനാകാതെ ആത്മഹത്യയുടെ ഘട്ടത്തിലാണെന്നു പറഞ്ഞപ്പോൾ നീ ചത്താൽ പാട്ടക്കാറും നിന്നേം സഹിക്കേണ്ടല്ലോ എന്ന് കിരൺ പറഞ്ഞു.

ആയുർവേദ കോഴ്‌സിനു പഠിക്കുന്ന ഒരു കുട്ടി സ്വന്തം വ്യക്തിത്വം കളഞ്ഞ് ഇങ്ങനെ കഴിയുന്നത് സഹിക്കാനാകാത്തതിനാൽ വിവരം താൻ ഭർത്താവ് വിജിത്തിനെയും മാതാപിതാക്കളെയും അറിയിച്ചു. കരയോഗത്തിൽ പരാതിനൽകിയതിനെ തുടർന്ന് ചർച്ചചെയ്യാനിരിക്കെ മാർച്ച് 17-ന് വിസ്മയയെ കിരൺ കോളേജിൽനിന്ന് കൂട്ടിക്കൊണ്ടുപോയി. അതിനുശേഷം വിസ്മയ തന്നോടുള്ള ബന്ധം കുറച്ചു. കിരണാണ് ഫോണിൽ ബ്ലോക്ക് ചെയ്തത്. തന്റെ ഫോണും വിസ്മയയുടെ മെസേജുകളും രേവതി കോടതിയിൽ തിരിച്ചറിഞ്ഞു. അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ട് വിസ്മയയുടെ മരണദിവസംതന്നെ മാധ്യമങ്ങൾക്ക് നൽകിയിരുന്നതായും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജിന്റെ വിസ്താരത്തിൽ അവർ പറഞ്ഞു. ഡോ. രേവതിയുടെ എതിർവിസ്താരം തിങ്കളാഴ്ച നടക്കും.