കോട്ടയം: കർണാടകത്തിൽ ഒളിവിൽപോയ സൂര്യനെല്ലി കേസ് മുഖ്യപ്രതി ധർമ്മരാജനെ അവിടെപ്പോയി ‘പൊക്കി’. കിരണിന് അന്വേഷണവല പൊട്ടിക്കാൻ പറ്റാതെ വിലങ്ങുവീഴാൻ കാരണമായതും അതേ ബുദ്ധിതന്നെ. രണ്ടിനും നേതൃത്വം നൽകിയത് കോട്ടയം തലയോലപ്പറമ്പ് സ്വദേശി പി.രാജ്കുമാറെന്ന പോലീസ് ഉദ്യോഗസ്ഥൻ.

ശാസ്താംകോട്ട ഡിവൈ.എസ്.പി. പി.രാജ്കുമാർ വർഷങ്ങൾക്കുമുമ്പ് പൊൻകുന്നം സി.ഐ. ആയിരുന്നപ്പോഴാണ് തന്റെ ഔദ്യോഗിക ജീപ്പിന്റെ എഴുത്തുകളും നമ്പർപ്ലേറ്റും വരെ മാറ്റി മഫ്തിയിൽ കർണാടകത്തിന് പോയത്. വെള്ളജീപ്പിൽ ചെളിയും വാരിപ്പൂശി രണ്ട് പോലീസുകാരുമായുള്ള ആ പോക്കിനു പിന്നാലെ മാതൃഭൂമി ചാനലുമുണ്ടായിരുന്നു. കോവിഡിന്റെ പിടിയിൽ, മാതൃഭൂമിക്ക് നഷ്ടമായ വിപിൻ ചന്ദാണ് ആ വാർത്ത ബ്രേക്ക് ചെയ്തത്.

വിസ്മയ കേസ് കുറ്റപത്രം മജിസ്ട്രേറ്റിന് മുമ്പാകെ വെള്ളിയാഴ്ച സമർപ്പിച്ചതും പഴുതടച്ചുതന്നെ. തനിക്ക് കൂടുതൽ സ്ത്രീധനം കിട്ടേണ്ടിയിരുന്നവനായിരുന്നെന്നും അത്രമാത്രം ഉയർന്ന സർക്കാർ ജോലിയാണ് തനിക്കുള്ളതെന്നുമുള്ള കിരണിന്റെ ദുരഭിമാനവും അഹന്തയുമാണ് വിസ്മയയുടെ മരണത്തിൽ കലാശിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. വിസ്മയ തൂങ്ങിമരിക്കാൻ കാരണക്കാരൻ കിരൺ തന്നെയെന്ന് ഉറപ്പാക്കുന്ന തെളിവുകളും കുറ്റപത്രത്തിലുണ്ട്. വിസ്മയയുടെ ഫോൺ കിരൺ നശിപ്പിച്ചു. എങ്കിലും വിസ്മയ കൂട്ടുകാരികൾക്കയച്ച മെസേജുകളിലൂടെ കിരൺ എങ്ങനെയാണ് അവളെ മരണത്തിലേക്ക് നയിച്ചതെന്ന് തെളിയുന്നു.

കല്യാണത്തിനു മുമ്പുപോലും സ്ത്രീധനത്തുക സംബന്ധിച്ചുള്ള കിരണിന്റെ അമിതപ്രതീക്ഷ തെളിയിക്കുന്ന മെസേജുകളും പോലീസ് കണ്ടെത്തി. ‘ഇത്ര വലിയ പൊസിഷനായിട്ടും എനിക്ക് കിട്ടിയത് കണ്ടില്ലേ ?...’ എന്ന ചിന്താഗതിയായിരുന്നു കിരണിന്.

നൂറു പവൻ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിട്ടും 60 പവനേ പെൺവീട്ടുകാർ നൽകിയുള്ളൂവെന്നും ഇയാൾ കരുതി. ഇതു പറഞ്ഞ് അടി കൊടുക്കുമായിരുന്നു. ഒരിക്കൽ സ്വന്തം വീട്ടിലേക്ക് ‘രക്ഷപ്പെടാൻ’ ശ്രമിച്ചപ്പോൾ ‘ഇനി നിന്നെ അടിക്കാൻ പറ്റിയില്ലെങ്കിലോ’ എന്ന് പറഞ്ഞ് തല്ലി. അവസാനം പുറംലോകം കാണിക്കാതെ മുറിയിൽ അടച്ചതാണ് വിസ്മയ മരിക്കാൻ കാരണമായത്- രാജ്കുമാർ പറയുന്നു.