ശാസ്താംകോട്ട (കൊല്ലം) : നിലമേൽ കൈതോട് സ്വദേശിനി വിസ്മയ വി.നായരുടെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ഭർത്താവ് കിരണിനെ തിങ്കളാഴ്ച രാവിലെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. കിരണിന്റെ വീടായ ശാസ്താംനട ചന്ദ്രവിലാസത്തിൽ എത്തിച്ചായിരിക്കും തെളിവെടുപ്പ്. തുടർന്ന് വിശദമായി ചോദ്യംചെയ്യും. അന്വേഷണച്ചുമതലയുള്ള ഐ.ജി. ഹർഷിത അത്തല്ലൂരിയുടെ മേൽനോട്ടത്തിലായിരിക്കും തെളിവെടുപ്പ്.

കിരണിനെ കസ്റ്റഡിയിൽ വാങ്ങി പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പോലീസ് നീക്കം. കിരണിന്റെ കംപ്യൂട്ടറും മൊബൈൽ ഫോണുകളും ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് ലഭിച്ചെന്നാണ് വിവരം. വിസ്മയയുടെ സുഹൃത്തുക്കൾ, സഹപാഠികൾ, കൗൺസലിങ്ങിന് ബന്ധപ്പെട്ട എറണാകുളം സ്വദേശി എന്നിവരുടെ മൊഴിയെടുത്തിരുന്നു. കിരണിന്റെ സഹോദരിയെയും സഹോദരീഭർത്താവിനെയും അടുത്ത ബന്ധുക്കളെയും ചോദ്യംചെയ്തു. നിലമേൽ കൈതോട്ട് വിസ്മയയോട് അടുപ്പമുള്ള ബന്ധുക്കളുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി.

ആന്തരികാവയവങ്ങളുടെ പരിശോധനാഫലം തിങ്കളാഴ്ച ലഭിക്കുമെന്നാണ് വിവരം. കൊലപാതകമാണെന്ന ഉറച്ച നിലപാടിലാണ് വിസ്മയയുടെ ബന്ധുക്കൾ. അതിനാൽ എല്ലാ പഴുതുകളുമടച്ചാണ് അന്വേഷണം. ഉന്നതോദ്യോഗസ്ഥർ ദിവസവും അന്വേഷണപുരോഗതി വിലയിരുത്തുന്നുണ്ട്.

വിസ്മയയെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചേ വീടിന്റെ രണ്ടാംനിലയിലെ ശൗചാലയത്തിലെ അധികം ഉയരമില്ലാത്ത ചെറിയ ജനാലയിൽ തൂങ്ങിമരിച്ചനിലയിലാണ് കണ്ടത്.

content highlights: vismaya death case: police to take kiran into custody