കൊല്ലം : ആയുർവേദ മെഡിക്കൽ വിദ്യാർഥി വിസ്മയയെ ശാസ്താംനടയിലെ ഭർത്തൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ട സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്. വിസ്മയയുടെ വീട്ടിൽ ഭർത്താവ് കിരൺകുമാർ നടത്തിയ ആക്രമണം പുനരന്വേഷിക്കുന്നതിന് പോലീസ് നിയമോപദേശം തേടും. നിയമപരമായ തടസ്സങ്ങളെ തുടർന്ന് കിരൺകുമാറിനെ ഇനി വിസ്മയ കേസിൽ ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ ലഭിക്കില്ല.

കഴിഞ്ഞ ജനുവരി രണ്ടിനാണ് വിസ്മയയുടെ നിലമേലിലെ വീട്ടിൽ കിരൺകുമാർ ആക്രമണം നടത്തിയത്. വീട്ടിൽവെച്ച് വിസ്മയയെ മർദിച്ച കിരൺകുമാർ, തടഞ്ഞ സഹോദരൻ വിജിത്തിനെയും മർദിച്ചു. തുടർന്ന് രക്ഷപ്പെട്ട ഇയാളെ പിടികൂടിയ ചടയമംഗലം എസ്.ഐ.യെ കൈയേറ്റം ചെയ്യുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു. കേസ് മോട്ടോർവാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സമ്മർദ്ദഫലമായി ചടയമംഗലം പോലീസ് ഒത്തുതീർപ്പാക്കിയെന്നാണ് പരാതി. ഈ കേസ് പുനരന്വേഷിക്കണമെന്ന് വിസ്മയയുടെ കുടുംബം ദക്ഷിണമേഖല ഐ.ജി. ഹർഷിത അത്തല്ലൂരിയോട് ആവശ്യപ്പെട്ടിരുന്നു. കേസ് പുനരന്വേഷിക്കുന്നതിലെ നിയമപ്രശ്നങ്ങളാണ് പോലീസ് പരിശോധിക്കുന്നത്. വിഷയത്തിൽ പോലീസ് നിയമോപദേശം തേടും.

അതേസമയം, വിസ്മയ കേസിൽ കിരൺകുമാറിനെ ഇനി അന്വേഷണസംഘത്തിൻറെ കസ്റ്റഡിയിൽ ലഭിക്കാൻ നിയമതടസ്സമുണ്ട്. നിയമപ്രകാരം കസ്റ്റഡിയിലുള്ള പ്രതിയുടെ കസ്റ്റഡികാലവധി നീട്ടിക്കിട്ടാൻ പോലീസ് ഉടൻ അപേക്ഷസമർപ്പിക്കണം. കിരൺകുമാറിന് കോവിഡ് ബാധിച്ചതിനാൽ കസ്റ്റഡി നീട്ടാനുള്ള അപേക്ഷ നൽകാനായില്ല. ഇനി അപേക്ഷ സമർപ്പിച്ചാൽത്തന്നെ നിയമപ്രകാരം അത് കോടതിക്ക്‌ പരിഗണിക്കാനുമാകില്ല. ഇതോടെ കേസിൽ അന്വേഷണസംഘത്തിന് കിരൺകുമാറിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യാനാകില്ല.

അതിനിടെ വിസ്മയ കേസിൽ, അഞ്ചൽ ഉത്ര കൊലക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജിനെ നിയോഗിക്കണമെന്ന് വിസ്മയയുടെ കുടുംബം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച്‌ അവർ മുഖ്യമന്ത്രിയെ കണ്ട് നിവേദനംനൽകി. കൊല്ലം റൂറൽ എസ്.പി. സമർപ്പിച്ച പട്ടികയിലും ജി.മോഹൻരാജിൻറെ പേരിനാണ് പ്രഥമപരിഗണന.

content highlights: vismaya case: police to re-investigate complaint against kiran