തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും മരണം അമിതവേഗം കാരണമുള്ള വാഹനാപകടം കൊണ്ടെന്ന മുൻ നിലപാടിലുറച്ച് സി.ബി.ഐ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്‌മൂലത്തിലാണ് സി.ബി.ഐ. ഉദ്യോഗസ്ഥനായ ടി.പി. അനന്തകൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ബാലഭാസ്കറിന്റേത് അപകട മരണമാണെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തലിനെതിരേ ബാലഭാസ്കറിന്റെ മാതാപിതാക്കളായ കെ.സി. ഉണ്ണിയും ബി. ശാന്തകുമാരിയും ചേർന്ന് മുഖ്യമന്ത്രിക്കു നൽകിയ പരാതിയെത്തുടർന്നാണ് കേസ് സി.ബി.ഐ.യെ ഏൽപ്പിച്ചത്. തിരുവനന്തപുരത്തെ സ്വർണക്കടത്ത് സംഘത്തിന് മരണത്തിൽ പങ്കുണ്ടെന്നായിരുന്നു ഉണ്ണിയുടെ മുഖ്യ ആരോപണം. ഡ്രൈവർ അർജുന്റെ അതിവേഗവും അലക്ഷ്യമായ വാഹനമോടിക്കലുമാണ് അപകടത്തിന് ഇടയാക്കിയതെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ ശരിവെച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് സി.ബി.ഐ. സംഘവും ഫയൽ ചെയ്തത്.

ഇതിനെതിരേ ബാലഭാസ്കറിന്റെ മാതാപിതാക്കളും കേസിലെ സാക്ഷിയായിരുന്ന കലാഭവൻ സോബിയും കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഇതിനെതിരേയാണ് ഇപ്പോൾ സി.ബി.ഐ. എതിർ സത്യവാങ്മൂലം ഫയൽചെയ്തത്. സോബി കേസ് വഴിതിരിച്ചുവിടാൻ ആദ്യംമുതൽ ശ്രമിച്ചതായി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.