തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച് അന്വേഷിക്കുന്ന സി.ബി.ഐ.സംഘം അദ്ദേഹത്തിന്റെ ഇൻഷുറൻസ് പോളിസി സംബന്ധിച്ചും അന്വേഷിക്കുന്നു. അപകടത്തിന് എട്ടുമാസംമുമ്പ് ബാലഭാസ്കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിക്കുള്ള അപേക്ഷയിലെ ഒപ്പ് വ്യാജമാണെന്നു കണ്ടതും വിഷ്ണു സോമസുന്ദരത്തിന്റെ പേരും ഒപ്പും ഉൾപ്പെട്ടതുമാണ് വിശദമായ അന്വേഷണത്തിലേക്കു നീങ്ങാൻ കാരണം. പോളിസി സംബന്ധിച്ച് ബാലഭാസ്കറിന്റെ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നു.

82 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയാണ് എടുത്തിരുന്നത്. പോളിസി രേഖകളിൽ സ്വർണക്കടത്ത് കേസിലെ പ്രതികളിലൊരാളായ വിഷ്ണു സോമസുന്ദരത്തിന്റെ പേരും ഇ-മെയിൽ വിലാസവുമാണുള്ളത്. വിഷ്ണുവിന്റെ സുഹൃത്തായ ഇൻഷുറൻസ് ഡെവലപ്‌മെന്റ് ഓഫീസർ വഴിയാണ് പോളിസി എടുത്തത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് മുഖേനയാണ് പ്രീമിയം അടച്ചത്.

അപേക്ഷയിലെ കൈയൊപ്പിൽ വ്യത്യാസം കണ്ടതിനാൽ ബാലഭാസ്കറിന്റെ മരണശേഷം പോളിസിത്തുക ഇൻഷുറൻസ് കമ്പനി തടഞ്ഞുവെച്ചിരിക്കുകയാണ്.

ഇൻഷുറൻസ് കമ്പനിയുടെ മാനേജർ, ബാലഭാസ്കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ, അപകടത്തിന്റെ ദൃക്‌സാക്ഷികളായ കെ.എസ്.ആർ.ടി.സി. ഡ്രൈവർ അജി, കണ്ടക്ടർ വിജയൻ തുടങ്ങിയവരെ സി.ബി.ഐ. ചോദ്യംചെയ്തിരുന്നു.