തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ചുള്ള അന്വേഷണം തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികളിലേക്കും നീങ്ങുന്നു. ബാലഭാസ്‌കറിന്റെ മാനേജർമാരായിരുന്ന പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെ സ്വർണക്കടത്തു കേസിൽ റവന്യൂ ഇന്റലിജൻസ് പ്രതിചേർത്തതോടെയാണ് ഈ നീക്കം.

കേസിൽ അറസ്റ്റിലായ പ്രകാശൻ തന്പിയെ വാഹനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങും. അപകടത്തെത്തുടർന്ന്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ബാലഭാസ്‌കർ ചികിത്സയിൽ കഴിയവേ, പ്രകാശൻ തമ്പിയാണ്‌ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിൽക്കഴിയുമ്പോൾ ഹൃദയാഘാതമുണ്ടായതിൽ ദുരൂഹതയുണ്ടെന്നതടക്കമുള്ള ആരോപണങ്ങളാണ്‌ ബന്ധുക്കൾ ഉന്നയിച്ചിരിക്കുന്നത്.

സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ വിഷ്ണു ബാലഭാസ്‌കറിന്റെ സഹപാഠിയും സുഹൃത്തുമാണ്. ബാലഭാസ്‌കറിന്റെ സംഗീതപരിപാടികൾ വിദേശത്തു സംഘടിപ്പിച്ചിരുന്നതിൽ വിഷ്ണുവിനും പങ്കുണ്ടായിരുന്നു. റവന്യൂ ഇന്റലിജൻസ് തിരയുന്ന വിഷ്ണു ഒളിവിലാണ്. ഇയാൾക്കെതിരേയും ബാലഭാസ്‌കറിന്റെ ബന്ധുക്കൾ ആരോപണമുന്നയിച്ചിട്ടുണ്ട്.

വിഷ്ണു തിരുവനന്തപുരം തിരുമല സ്വദേശിയാണ്. ഏറെക്കാലമായി ദുബായിലാണ്. നാട്ടിൽ ഇടയ്ക്കിടെ വന്നുപോകാറുണ്ട്. സംഗീതനിശയ്ക്കുവേണ്ടിയുള്ള യാത്രകളെ വിഷ്ണുവും സംഘവും ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന്‌ പരിശോധിക്കും. സ്വർണക്കടത്ത് അന്വേഷിക്കുന്ന റവന്യൂ ഇന്റലിജൻസ്, സി.ബി.ഐ. ഉദ്യോഗസ്ഥർ എന്നിവരുമായി വാഹനാപകടം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ബന്ധപ്പെട്ടിട്ടുണ്ട്.

ഭാര്യയുടെയും അച്ഛന്റെയും മൊഴിയെടുക്കും

ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണി, ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി എന്നിവരിൽനിന്ന്‌ ക്രൈംബ്രാഞ്ച് മൊഴിയെടുക്കും. പ്രകാശൻതമ്പി, വിഷ്ണു എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണ് ഇവരിൽനിന്നു ശേഖരിക്കുക.

content highlights: violinist balabhaskar death