പെരിയ: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തെ തുടർന്ന് പെരിയയിലും പരിസരങ്ങളിലും പരക്കെ അക്രമം. കല്യോട്ട് രണ്ട് വീടുകൾക്കും സി.പി.എം. ഓഫീസിനും തീയിട്ടു. ഞായറാഴ്ച രാത്രി കൊലപാതകംനടന്ന ഉടനെ കല്യോട്ടെ സി.പിഎം. ഓഫീസ് പ്രവർത്തിക്കുന്ന എ.കെ.ജി. മന്ദിരത്തിന് തീയിട്ടിരുന്നു.

ഫർണിച്ചർ ഉൾപ്പെടെ എല്ലാം കത്തിനശിച്ചു. കല്യോട്ടെ സി.പി.എം. പ്രവർത്തകനായ ശാന്തകുമാറിന്റെ വീടും തൊട്ടടുത്ത മറ്റൊരു സി.പി.എം. പ്രവർത്തകന്റെ വീട്ടിനുമാണ് തീയിട്ടത്. തിങ്കളാഴ്ച വിലാപയാത്ര കല്യോട്ട് എത്തിയതോടെയാണ് വീണ്ടും അക്രമങ്ങൾ നടന്നത്. കല്യോട്ടെ വൽസലന്റെ കട കുത്തിത്തുറന്ന് തീയിട്ടു. സമീപത്തെ ജയരാജന്റെ കൂൾബാറും തകർത്തു.

പെരിയ ദേശീയപാതയിൽ കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞിട്ടു. സന്തോഷിന്റെയും ഗോപാലന്റെയും കടകൾക്കുനേരെ അക്രമമുണ്ടായി. പെരിയ ബസാറിൽ സി.പി.എം. ലോക്കൽ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എ.കെ.ജി. മന്ദിരത്തിന് നേരെയും ദിനേശ് ബീഡി ബ്രാഞ്ച് കെട്ടിടം, വനിതാ സൊസൈറ്റി എന്നിവയ്ക്കു നേരെയും അക്രമം നടന്നു. ഏച്ചിലടുക്കത്ത് ഒരു ഫർണിച്ചർ കടയ്ക്ക് തീയിട്ടു. ബസ് കാത്തിരിപ്പുകേന്ദ്രവും തകർത്തു. കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.

പരിയാരത്തുനിന്ന് മൃതദേഹവും വഹിച്ചുകൊണ്ട് വിലാപയാത്ര പെരിയയിലെത്തുമ്പോഴേക്കും പതിനായിരക്കണക്കിന് പ്രവർത്തകരാണ് എത്തിച്ചേർന്നത്. പോലീസും പാർട്ടി നേതാക്കളും ഏറെ പരിശ്രമിച്ചാണ് പ്രവർത്തകരെ നിയന്ത്രിച്ചത്. 

Content Highlights: violence after two murders in periya