തിരുവനന്തപുരം: വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമത വർധിപ്പിക്കണമെന്നും കാലാനുസൃതമായ മാറ്റങ്ങളോട് പൊരുത്തപ്പെടാൻ ജീവനക്കാർ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വില്ലേജ് ഓഫീസർമാരുമായി ഓൺലൈനായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒക്ടോബർ രണ്ടിനകം സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ മുഴുവൻസേവനങ്ങളും ഓൺലൈനാക്കും. അഞ്ചുവർഷത്തിനകം വില്ലേജ് ഓഫീസുകൾ പൂർണമായും സ്മാർട്ടാക്കാനാണ് പദ്ധതി.

സേവനങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം ജീവനക്കാരുടെ മനോഭാവത്തിൽ ഗുണപരമായമാറ്റം ഉണ്ടാവണം. ഫയലുകൾ മരിച്ച രേഖകൾ ആവരുത്. തുടിക്കുന്നജീവിതങ്ങൾ ആവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അപേക്ഷയുടെ മെറിറ്റ് അനുസരിച്ച് തീരുമാനമെടുക്കാതെ ഏജന്റുമാരെ കാണേണ്ട നിലയുണ്ടായിരുന്നു. അത് അവസാനിപ്പിക്കാനായിട്ടുണ്ട്. ഏതെങ്കിലുംതരത്തിൽ ഇത്തരം ദുഷ്‌പ്രവണത കണ്ടാൽ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത രണ്ടുവർഷംകൊണ്ട് 1666 വില്ലേജ് ഓഫീസുകളിലും നൂതന സാങ്കേതികവിദ്യയായ കോർസ് (കണ്ടിന്യൂയിങ്‌ ഓപ്പറേറ്റിങ്‌ റഫറൽ സിസ്റ്റം) അധിഷ്ഠിതമായി ഇന്റഗ്രേറ്റഡ് ഭൂരേഖാപോർട്ടൽ ലഭ്യമാക്കും. റവന്യൂ, സർവേ, രജിസ്‌ട്രേഷൻ എന്നീ വകുപ്പുകളിലായിനൽകുന്ന സേവനങ്ങൾ ഇതോടെ ഒറ്റ പോർട്ടലിൽ ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യുവകുപ്പ് മുഖേന വിതരണംചെയ്യുന്ന സാമൂഹ്യസുരക്ഷാ പെൻഷനുകൾ ഓൺലൈനാക്കുമെന്നും ഭൂനികുതി അടയ്ക്കുന്നതിനായി മൊബൈൽ ആപ്പ് സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. 1600-ഓളം വില്ലേജ് ഓഫീസർമാർ പങ്കെടുത്തു. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകൻ, ലാൻഡ് റവന്യൂ കമ്മിണർ കെ. ബിജു എന്നിവരും പങ്കെടുത്തു.