തിരുവനന്തപുരം: കെ.എസ്.എഫ്.ഇ.യിലെ വിജിലൻസ് പരിശോധനയുടെ പേരിൽ പരസ്യവിമർശനം നടത്തിയ മന്ത്രി തോമസ് ഐസക്കിനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും സി.പി.എമ്മിന്റെ തിരുത്ത്.

മുഖ്യമന്ത്രിയാണു ശരിയെന്നും പ്രതിപക്ഷത്തിന് ആയുധം നൽകുന്ന നിലപാടാണ് ഐസക്കും ആനത്തലവട്ടവും സ്വീകരിച്ചതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. വിജിലൻസിന്റെ ‘വീഴ്ച’ സെക്രട്ടേറിയറ്റ് യോഗത്തിലും ഐസക് വിശദീകരിച്ചെങ്കിലും അതു പാടേ തള്ളി, എന്തും വിവാദമാക്കാൻ ശ്രമിക്കുന്നവരുണ്ടെന്ന തിരിച്ചറിവ് പ്രധാനമാണെന്ന് സി.പി.എം. പ്രസ്താവനയിറക്കി.

പാർട്ടി നടപടി ധ്വനിപ്പിക്കുന്നനിലയിലാണ് ഐസക്കിനെയും ആനത്തലവട്ടത്തെയും തള്ളിയുള്ള സി.പി.എം. സെക്രട്ടേറിയറ്റിന്റെ പ്രസ്താവന. പാർട്ടി അംഗങ്ങൾക്കു യോജിക്കാത്തവിധം പെരുമാറുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് അച്ചടക്കലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കാമെന്നാണ് സി.പി.എം. ഭരണഘടന പറയുന്നത്.

താക്കീത്, ശാസന, പരസ്യശാസന എന്നിവയാണ് നടപടിയിലെ ആദ്യ മൂന്നുഘട്ടം. ഔദ്യോഗികമായി ഈ ഗണത്തിൽ വരുന്നതല്ലെങ്കിലും ഇരുനേതാക്കളെയും സി.പി.എം. പരസ്യമായി തള്ളിപ്പറയുന്നത് ഗൗരവമുള്ളതുതന്നെ. ഇരുവരുടെയും പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും അത് ഒഴിവാക്കേണ്ടതായിരുന്നെന്നുമാണ് സി.പി.എം. കണ്ടെത്തിയത്.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ചൊവ്വാഴ്ച അവെയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗം. അവധിയിലായിരുന്ന കോടിയേരി ബാലകൃഷ്ണനും പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ളയും എം.എ. ബേബിയും യോഗത്തിനെത്തി. ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ അടക്കം സെക്രട്ടേറിയറ്റ് അംഗങ്ങളായ മറ്റ് ആറുപേരും യോഗത്തിനുണ്ടായിരുന്നു.

വിജിലൻസിനെ തള്ളിപ്പറഞ്ഞ് ധനമന്ത്രി പരസ്യമായി രംഗത്തുവന്നത് രാഷ്ട്രീയ തിരിച്ചടിക്കു വഴിയൊരുക്കിയെന്നായിരുന്നു സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. പരസ്യപ്രസ്താവനയാണ് വിവാദത്തിനു വഴിതുറന്നത്. അത് അനുചിതവും അപക്വവുമായിരുന്നെന്ന് നേതാക്കൾ പറഞ്ഞു.

വിജിലൻസ് പരിശോധനയുടെ പിന്നണിവിവരങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു. ഒരു ധനകാര്യസ്ഥാപനത്തിലെ പരിശോധനയ്ക്കു പാലിക്കേണ്ട ജാഗ്രത വിജിലൻസിനുണ്ടായിരുന്നില്ലെന്ന നിലപാട് ഐസക് ആവർത്തിച്ചു. വിജിലൻസിന്റേതായി പുറത്തുവന്ന വാർത്തയുടെ അപകടമാണ് ചൂണ്ടിക്കാട്ടിയതെന്ന് ആനത്തലവട്ടവും വിശദീകരിച്ചു.

പരിശോധനയെക്കാൾ പ്രസ്താവനകളാണ് പാർട്ടി ഗൗരവത്തിലെടുത്തത്. അതുകൊണ്ടാണ് അതിനെ പരസ്യമായി തള്ളി പത്രക്കുറിപ്പിറക്കാൻ സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ഇത് എല്ലാവരും അംഗീകരിച്ചു.

Content Highlight: vigilance raid at KSFE and the controversy