കണ്ണൂർ: കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംവിധാനത്തിന്റെ പേരിൽ ഉയർന്ന അഴിമതി ആരോപണത്തിൽ ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിയുടെ മൊഴി വിജിലൻസ് എടുത്തു.

വെള്ളിയാഴ്ച രാവിലെ അബ്ദുള്ളക്കുട്ടിയുടെ കണ്ണൂർ പള്ളിക്കുന്നിന് സമീപമുള്ള വീട്ടിലാണ് വിജിലൻസ് സംഘം എത്തിയത്. 2015-ൽ അബ്ദുള്ളക്കുട്ടി കണ്ണൂരിൽ എം.എൽ.എ.യായിരിക്കുമ്പോൾ നൽകിയ നിർദേശപ്രകാരമാണ് പദ്ധതിക്ക് സർക്കാർ ബജറ്റിൽ ഫണ്ട് വകയിരുത്തിയത്. പദ്ധതി തുടക്കത്തിൽത്തന്നെ വൻ പരാജയമായി. പദ്ധതിയിൽ വൻ അഴിമതിനടന്നതായും വിജിലൻസിൽ പരാതി വന്നു. ഇതേത്തുടർന്നാണ് അന്വേഷണം. 3.58 കോടി ചെലവിട്ട് നടപ്പാക്കിയ പദ്ധതി പൂർണമായും പരാജയപ്പെടുകയായിരുന്നു. വിജിലൻസ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് മൊഴിയെടുത്തത്. 2019-ലാണ്‌ വിജിലൻസ്‌ അന്വേഷണംതുടങ്ങിയത്‌. ബെംഗളൂരു ആസ്ഥാനമായ കൃപാ ടെലകോം എന്ന കമ്പനിക്കാണ്‌ പദ്ധതി നൽകിയത്‌. കമ്പനിയിൽനിന്ന്‌ ഉടൻ തെളിവെടുക്കുമെന്ന്‌ ഉദ്യോഗസ്ഥർ പറഞ്ഞു.

വൻ അഴിമതിനടന്നു -അബ്ദുള്ളക്കുട്ടി

കേരളം കണ്ടതിൽവെച്ച് ഏറ്റവും വലിയ അഴിമതിയാണ് കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട്‌ ഷോയിൽ നടന്നതെന്ന് എ.പി. അബ്ദുള്ളക്കുട്ടി ആരോപിച്ചു. താൻ എം.എൽ.എ.യായിരിക്കുമ്പോൾ നൽകിയ പ്രപ്പോസലിന്റെ ഭാഗമായാണ് ബജറ്റിൽ പദ്ധതി ഉൾപ്പെടുത്തിയത്. ഏതോ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് പദ്ധതി കൈമാറുകയായിരുന്നു. 4.56 കോടി ചെലവിട്ടായിരുന്നു പദ്ധതി. അഴിമതിക്കുപിന്നിൽ ആരാണെന്ന് അന്വേഷിച്ച് അവരിൽനിന്ന്‌ നഷ്ടം ഈടാക്കണം. ബജറ്റിൽ ഈ പ്രപ്പോസൽവെച്ചു എന്നുള്ള ഉത്തരവാദിത്വമേ തനിക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.