തിരുവനന്തപുരം: കാരുണ്യ ചികിത്സാനിധി വിതരണത്തിൽ അപാകമുണ്ടെന്ന ആരോപണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണി എന്നിവർക്ക് കോടതിയുടെ ക്ലീൻ ചിറ്റ്. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.ബി.സ്നേഹലതയാണ് ആരോപണം നിലനിൽക്കില്ലെന്ന് വിജിലൻസ് റിപ്പോർട്ട് പരിഗണിച്ച് ഉത്തരവിട്ടത്.

മലപ്പുറം സ്വദേശി കൃഷ്ണകുമാറാണ് പരാതി നൽകിയിരുന്നത്. ദ്രുതപരിശോധന നടത്തിയ വിജിലൻസ്, ആരോപണത്തിൽ കഴമ്പില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നുമുള്ള റിപ്പോർട്ട് 2017-ൽ വിജിലൻസ് കോടതിയിൽ നൽകിയിരുന്നു. ഇതിനെതിരേ പരാതിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചു. സി.എ.ജി. റിപ്പോർട്ട് അടക്കമുള്ള രേഖകൾ വിളിച്ചുവരുത്തി പരിശോധിച്ച ശേഷമാണ് ഇപ്പോൾ വിജിലൻസ് റിപ്പോർട്ട്് അംഗീകരിച്ച് കോടതി ഉത്തരവായത്.

കാരുണ്യ പദ്ധതിയുടെ ഭാഗമായി രോഗികൾക്ക് അയ്യായിരം രൂപ ഒറ്റത്തവണയായി നൽകുന്നതിൽ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. കാരുണ്യ ലോട്ടറിയിൽനിന്നുള്ള വരുമാനം മൊത്തമായി കാരുണ്യ നിധിയിലേക്കു മാറ്റാതെ വകമാറ്റി ചെലവഴിക്കുന്നു, തുകവിതരണത്തിൽ പക്ഷപാതം കാണിക്കുന്നു തുടങ്ങിയ ആരോപണങ്ങളും ഹർജിയിൽ ഉന്നയിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ണൻ എസ്.ചെറുന്നിയൂർ ഹാജരായി.