ആലപ്പുഴ: പദ്ധതിയിൽച്ചേർന്നു മൂന്നുമാസത്തിനുള്ളിൽ ലാപ്ടോപ്പ് നൽകുമെന്ന പ്രഖ്യാപനം പാളി. ഒരുവർഷമായിട്ടും ബഹുഭൂരിപക്ഷം പേർക്കും ലാപ്ടോപ്പ്‌ നൽകാനായില്ല.

കെ.എസ്.എഫ്.ഇ.യും കുടുംബശ്രീയും ഐ.ടി. വകുപ്പും ചേർന്നു തുടങ്ങിയതാണു വിദ്യാശ്രീ പദ്ധതി. 2020 ഫെബ്രുവരിയിൽ. അഞ്ചുലക്ഷം വിദ്യാർഥികൾക്ക് ലാപ്ടോപ്പ്‌ നൽകുമെന്നു പറഞ്ഞിരുന്നു. എന്നാൽ, 1.44 ലക്ഷംപേർ മാത്രമാണു പദ്ധതിയിൽ ചേർന്നത്. അതിൽത്തന്നെ 64,000 പേരാണു കൃത്യമായി പണമടച്ചത്. ഇവർ ബഹളം കൂട്ടിയതിനെത്തുടർന്ന് 4,000 പേർക്കു നൽകി. 60,000 പേർക്ക് ഇനിയും കിട്ടിയില്ല.

കുടുംബശ്രീവഴി തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കളാണു പദ്ധതിയിൽച്ചേർന്നത്. 30 തവണ 500 രൂപ വീതം അടയ്ക്കണം. മൂന്നുതവണ അടയ്ക്കുമ്പോൾത്തന്നെ ലാപ്ടോപ്പ് നൽകുന്നതാണു പദ്ധതി. കഴിഞ്ഞ ഫെബ്രുവരിയിൽ നടപടികൾ പൂർത്തിയാക്കിയെങ്കിലും കമ്പനികൾക്ക് ടെൻഡർ നൽകിയത് ഏപ്രിലിലാണ്. എച്ച്.പി., ലെനോവ, ഏസർ, കൊക്കോണിക്സ് എന്നീ കമ്പനികളാണു പട്ടികയിലുൾപ്പെട്ടത്. ഇതിൽ കൊക്കോണിക്സ് സർക്കാരിന്റെ സ്വന്തം കമ്പനിയാണ്. കൊക്കോണിക്സും ഏസറും 14,999 രൂപയാണു ക്വാട്ട് ചെയ്തത്. ലെനോവ 18,000 രൂപയും എച്ച്.പി. 17,990 രൂപയും ക്വാട്ട് ചെയ്തു. 4 ജി.ബി. റാം, 128 ജി.ബി. എസ്‌.ഡി. സ്റ്റോറേജ് , 2.0 യു.എസ്.ബി. എന്നീ സൗകര്യങ്ങളുള്ള ലാപ്ടോപ്പാണു നൽകുന്നത്. ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം. കൂടുതൽപ്പേരും തിരഞ്ഞെടുത്തത് എച്ച്.പി.യും ലെനോവയുമാണ്- 64,000 അപേക്ഷകരിൽ 50,000-ഓളം പേരും. ഇതനുസരിച്ച് 54,000 ലാപ്‌ടോപ്പ് വാങ്ങാൻ ഓർഡർ നൽകി. കൊക്കോണിക്സിനു 4,000 മാത്രമാണു കിട്ടിയത്.

ഉടൻ നൽകും

പ്രശ്നംപരിഹരിക്കാൻ ഇടപെട്ടിട്ടുണ്ട്. ഓർഡർ നൽകി മൂന്നുമാസത്തോളം സമയമെടുക്കും കമ്പനികൾ ലാപ്ടോപ്പ് നൽകാൻ. എപ്പോൾ കിട്ടുമെന്ന വിവരം രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്.

എച്ച്. ഹരികിഷോർ

എക്സിക്യുട്ടിവ് ഡയറക്ടർ, കുടുംബശ്രീ