കണ്ണൂർ: കേരളത്തിലെ ജയിലുകളിലെ തടവുകാരെ ചോദ്യംചെയ്യാൻ അനുമതി ലഭിക്കുന്ന ഏജൻസികൾ വീഡിയോഗ്രാഫി സൗകര്യത്തോടെ എത്തണമെന്ന് ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ ഉത്തരവ്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണിത്. ചോദ്യംചെയ്യാൻ വീഡിയോഗ്രാഫി സൗകര്യം കൊണ്ടുവരുന്നില്ലെങ്കിൽ തടവുകാരെ കാണാൻ അനുവദിക്കില്ല. സി.ബി.ഐ., എൻ.ഐ.എ., ഇ.ഡി., കസ്റ്റംസ്, നാർക്കോട്ടിക് ബ്യൂറോ, പോലീസ് തുടങ്ങി എല്ലാ അന്വേഷണ ഏജൻസികൾക്കും ബാധകമാണിത്. പ്രതികളെ ചോദ്യംചെയ്യുന്നത് പൂർണമായും വീഡിയോയിൽ ചിത്രീകരിക്കണമെന്ന് ഡിസംബർ രണ്ടിനാണ് സുപ്രീംകോടതി വിധിച്ചത്.
സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്നയുടെ മൊഴികളും പരാതികളുമെന്നനിലയിൽ നടക്കുന്ന പ്രചാരണങ്ങളുടെകൂടി സാഹചര്യത്തിലാണ് ഉത്തരവ്.
ജയിലുകളിൽ മൊബൈൽ ഫോണുകൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി. ജയിൽ ഡി.ജി.പി.യായ താനടക്കം ഉദ്യോഗസ്ഥരെല്ലാവരും ജോലിക്കെത്തിയാൽ മൊബൈൽ ഫോണുകൾ സൂപ്രണ്ട് നിർദേശിക്കുന്ന സ്ഥലത്ത് സൂക്ഷിക്കണം. തിരിച്ചുപോകുമ്പോൾ മാത്രമേ എടുക്കാവൂ.
ജയിലുകളിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്ന ഉദ്യോഗസ്ഥരുടെയോ മറ്റു സന്ദർശകരുടെയോ കൈയിൽ മൊബൈൽ ഫോണുണ്ടെങ്കിൽ അത് ഗേറ്റ് കീപ്പറെ ഏൽപ്പിക്കണം. ഇത് കർശനമായി പാലിക്കുന്നില്ലെങ്കിൽ സൂപ്രണ്ടിന്റെ പേരിൽ കർശന അച്ചടക്ക നടപടിയുണ്ടാവുമെന്നും ഉത്തരവിൽ പറയുന്നു.