തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ച് വീഡിയോ കോൺഫറൻസിങ് സംവിധാനത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള കോടതികളിലെയും ജയിലുകളിലെയും വീഡിയോ കോൺഫറൻസിങ് സ്റ്റുഡിയോകളുടെ നിർമാണം കെൽട്രോൺ പൂർത്തിയാക്കി.

പദ്ധതി അടുത്തമാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ആഭ്യന്തര വകുപ്പാണ് പദ്ധതി ആവിഷ്കരിച്ചത്. 24 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയതും മേൽനോട്ടം വഹിക്കുന്നതും കെൽട്രോണാണ്.

കണ്ണൂർ, വിയ്യൂർ, പൂജപ്പുര സെൻട്രൽ ജയിലുകളിൽ ഉൾപ്പെടെ വിവിധ ജയിലുകളിലായി 87 സ്റ്റുഡിയോകളാണ് ഒരുക്കുന്നത്. ഇവ 383 കോടതികളുമായി ബന്ധിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ഏഴു ജില്ലകളിൽ 23 ജയിലുകളിലായി 37 സ്റ്റുഡിയോകളുടെ നിർമാണം പൂർത്തിയായി.

രണ്ടാംഘട്ടമായി ബാക്കി ജില്ലകളിൽ 28 ജയിലുകളിലായി 50 സ്റ്റുഡിയോകൾ കെൽട്രോൺ സ്ഥാപിക്കും. പൂജപ്പുരയിൽ നാല് സ്റ്റുഡിയോ സ്ഥാപിച്ചു. വിയ്യൂരിലും കണ്ണൂരിലും രണ്ടുവീതം സ്റ്റുഡിയോകളാണ് സ്ഥാപിക്കുക. തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലാണ് കൂടുതൽ സ്റ്റുഡിയോകൾ. 14 വീതം.

കണ്ണൂരിലും മലപ്പുറത്തും ഒന്പതുവീതം സ്റ്റുഡിയോകളുണ്ട്. ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുകയും പരീക്ഷണാടിസ്ഥാനത്തിൽ വീഡിയോ കോൺഫറൻസിങ് നടത്തുകയും ചെയ്യുന്നത് പുരോഗമിക്കുകയാണ്.

പദ്ധതി പൂർത്തിയാകുന്നതോടെ വിചാരണത്തടവുകാരെ കോടതികളിൽ എത്തിക്കാനുള്ള ബുദ്ധിമുട്ടുകളില്ലാതാകും. ഇതിലൂടെ സർക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കാനാകും. പദ്ധതിയുടെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കും. നെറ്റ്‌വർക്കിങ് സംവിധാനം വിപുലമാക്കാനും കെൽട്രോണിന് പദ്ധതിയുണ്ട്.

(ജില്ല ജയിലുകൾ സ്റ്റുഡിയോകളുടെ എണ്ണം)

ആദ്യഘട്ടം

തിരുവനന്തപുരം 6 14

കൊല്ലം 2 4

പത്തനംതിട്ട 1 1

ആലപ്പുഴ 2 3

ഇടുക്കി 3 4

കോട്ടയം 3 4

എറണാകുളം 6 7

രണ്ടാംഘട്ടം

തൃശ്ശൂർ 7 14

പാലക്കാട് 4 7

മലപ്പുറം 5 9

കോഴിക്കോട് 4 7

വയനാട് 2 2

കണ്ണൂർ 6 9

കാസർകോട് 2 2

Content Highlights: video conferencing facility between jails and courts in kerala