കൊച്ചി: മരടിലെ ‘ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.’ ഫ്ളാറ്റിൽ രണ്ട് അപ്പാർട്ട്‌മെന്റുകൾ മക്കൾ വാങ്ങിയിട്ടും അവർക്കതിൽ താമസിക്കാൻ കഴിഞ്ഞില്ലെന്ന വിഷമത്തിൽ അവരുടെ അച്ഛൻ. ചൊവ്വാഴ്ച ഹോളിഫെയ്ത്തിന്റെ മൂന്നാം നിലയുടെ വരാന്തയിൽ വടിയും കുത്തി കസേരയിൽ ഇരിക്കുന്ന നിലയിലാണ് വിക്ടർ സിൽവസ്റ്ററെ കണ്ടത്.

മക്കളുടെ അപ്പാർട്ട്‌മെന്റുകളിൽനിന്ന് സാധനങ്ങൾ മാറ്റുന്നതിന് മേൽനോട്ടം വഹിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഇയർ ബാലൻസ് പ്രശ്നമുള്ളതിനാൽ നടക്കാൻ പ്രയാസമുണ്ട്. മുഴുവൻ സാധനങ്ങളും തന്റെ ഇടപ്പള്ളിയിലെ വീട്ടിലേക്ക് മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇദ്ദേഹത്തിന്റെ മകൻ നിഷാദ് അബുദാബിയിലെ ഷിപ്പിങ് കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥാണ്. മകൾ നിഷയ്ക്ക്‌ അമേരിക്കയിൽ മൈക്രോസോഫ്റ്റിലാണ് ജോലി. എട്ടു വർഷം മുമ്പാണ് മരടിലെ ഫ്ലാറ്റ് വാങ്ങിയത്. മകൻ മൂന്നാം നിലയിലും മകൾ ഏഴാം നിലയിലും. രണ്ടുപേരും വല്ലപ്പോഴുമേ നാട്ടിൽ വരാറുള്ളൂ. അതും കുറച്ചുദിവസത്തേക്ക്. ബന്ധുവീടുകൾ സന്ദർശിച്ചു കഴിയുമ്പോഴേക്കും അവധി തീരും. അതിനാൽ, ഫ്ലാറ്റിൽ കഴിയാൻ സാധിച്ചിരുന്നില്ല. ഒരിക്കൽ വന്നപ്പോൾ മകൻ നിർബന്ധപൂർവം ഒന്നോ രണ്ടോ ദിവസം ഇവിടെ താമസിച്ചതായി വിക്ടർ ഓർക്കുന്നു. അടുക്കളയൊന്നും ഒരുക്കാത്തതിനാൽ ഭക്ഷണം വാങ്ങിക്കഴിക്കുകയായിരുന്നു. മകൾക്ക് അതിനുപോലും സാധിച്ചില്ല.

മകളുടെ ഫ്ലാറ്റിലേക്ക് കുറെ ഫർണിച്ചറും സാധനങ്ങളും വാങ്ങിയത് പായ്ക്കറ്റ് പോലും പൊട്ടിക്കാതെ അവിടെ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് വിക്ടർ പറഞ്ഞു. അവർ വരുമ്പോഴേക്ക് ചെയ്താൽ മതിയല്ലോ എന്നാണ് വിചാരിച്ചിരുന്നത്. പണംകൊടുത്ത് വാങ്ങിയ ഫ്ലാറ്റിൽ താമസിക്കാൻ പോലും കഴിയാതെ ഇറങ്ങേണ്ടി വരുന്നത് എത്ര വിഷമകരമാണെന്ന് അദ്ദേഹം ചോദിച്ചു.

നാലു ദിവസത്തെ അവധിക്ക് മകൻ നിഷാദും ഭാര്യയും കഴിഞ്ഞ ദിവസം വന്നിരുന്നു. കരഞ്ഞുകൊണ്ടാണ് അവർ തിരിച്ചുപോയത്. മകൾക്ക് വരാൻ അവധിയില്ല. രണ്ടുപേരുടെയും ഫ്ലാറ്റുകളിലെ സാധനങ്ങൾ നീക്കാൻ അച്ഛനെ ഏൽപ്പിക്കുകയായിരുന്നു.

അബുദാബിയിലെ ഷെയ്ക്കിന്റെ കൊട്ടാരത്തിലായിരുന്നു വിക്ടറിന് ജോലി. 1967-ാണ് അവിടെയെത്തിയത്. അവിടെ അസി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരിക്കെ, 2003-ൽ നാട്ടിലേക്ക് മടങ്ങി. ഭാര്യ ഡോ. കൊച്ചുത്രേസ്യ വിക്ടർ അബുദാബിയിൽ ഡോക്ടറായിരുന്നു. ഇവർ 2005-ൽ മടങ്ങി. ഇടപ്പള്ളി മരോട്ടിച്ചോടിലാണ് താമസം.