കൊച്ചി/തിരുവനന്തപുരം: മികച്ച നീന്തലുകാരൻ, നന്നായി ബാഡ്മിന്റൺ കളിക്കും, എത്രദൂരം നടക്കുന്നതും ഒരുപാടിഷ്ടം... ഇങ്ങനെയാണ്‌ ഹരികുമാർ എന്ന മനുഷ്യനെ അടുത്തറിയുന്നവർ ചാർത്തിക്കൊടുക്കുന്ന വിശേഷണങ്ങൾ. ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവിയായി നിയമിതനായ ആർ. ഹരികുമാർ എന്ന മലയാളി ഇതെല്ലാമാണ്.

വിശിഷ്ട സേവാ മെഡലും അതിവിശിഷ്ട സേവാ മെഡലും പരംവിശിഷ്ഠസേവാ മെഡലും അടക്കമുള്ള ബഹുമതികൾ നേടിയ സൈനികനാണ്‌ നാവികസേനയുടെ അമരത്തെത്തുന്നത്‌. പശ്ചിമഘട്ട നേവൽ കമാൻഡിന്റെ കമാൻഡ് ഇൻ ചീഫായ വൈസ് അഡ്മിറൽ ഹരികുമാർ നാവികസേനാ മേധാവിയായ ‘അഡ്മിറൽ ഹരികുമാറാ’കുന്ന നിമിഷത്തിനു കാത്തിരിക്കുകയാണ് കേരളം.

‘‘മോന്റെ അച്ഛനുണ്ടായിരുന്നെങ്കിൽ ഇതിലും വലിയ സന്തോഷമായേനെ. ഹരിയുടെ ഉയർച്ചയിൽ ഏറ്റവുംകൂടുതൽ അഭിമാനം കൊണ്ടിരുന്നത് അദ്ദേഹമായിരുന്നു’’ -ഹരികുമാറിന്റെ അമ്മ വിജയലക്ഷ്മി പ്രതികരിച്ചതിങ്ങനെ.

നിറഞ്ഞ അഭിമാനവും സന്തോഷവും തോന്നിയ നിമിഷമെന്നാണ് ഭാര്യ കല പറഞ്ഞത്. “ഹരി നാവികസേനാ മേധാവിയായി ഡിസംബർ ഒന്നിനു സ്ഥാനമേൽക്കുമെന്നാണ് പറഞ്ഞത്. ആ ദിവസത്തിനായി ഞാനും കാത്തിരിക്കുകയാണ്” -കല പറഞ്ഞു.

ഹരികുമാറിന്റെ അച്ഛൻ നന്ദൻകോട് ബെയ്ൻസ് കോമ്പൗണ്ടിൽ മാധവസദന(മധുരിമ)ത്തിൽ രാധാകൃഷ്ണൻ നായർ 10 വർഷംമുന്പ് ഹൃദയാഘാതത്താലാണ് മരിച്ചത്. 1979-ൽ 17-ാം വയസ്സിൽ രണ്ടാംവർഷ പ്രീഡിഗ്രിവിദ്യാർഥിയെ സൈനികസേവനത്തിനയച്ച അച്ഛനും അമ്മയ്ക്കും രാജ്യം തിരിച്ചുനൽകിയ ആദരവുകൂടിയാണ് ഈ നേട്ടം. തന്റെ മകനിലൂടെ കേരളത്തിൽ ജനിച്ചുവളർന്ന ഒരാൾ ആദ്യമായി നാവികസേനയുടെ തലപ്പത്തെത്തുന്നതിൽ അഭിമാനമുണ്ടെന്നും 82 വയസ്സുള്ള അമ്മ പറയുന്നു.

രാധാകൃഷ്ണൻ നായരുടെയും വിജയലക്ഷ്മിയുടെയും മൂന്നുമക്കളിൽ മൂത്തയാളാണ് ഹരികുമാർ. രാധാകൃഷ്ണൻ നായർക്ക് എഫ്.എ.സി.ടി.യിൽ ജോലിയായിരുന്നതിനാൽ ഹരികുമാറിന്റെ പ്രാഥമിക വിദ്യാഭ്യാസം തഞ്ചാവൂരിലായിരുന്നു. ഹിന്ദിയും മലയാളവും പഠിക്കാനാകില്ലെന്നതിനാൽ അഞ്ചാംക്ളാസ് ആയപ്പോഴേക്കും കുടുംബം തിരുവനന്തപുരത്തേക്കു മടങ്ങി. സാങ്കേതികപ്രശ്നംകാരണം കേരളത്തിൽ ആ വർഷം പ്രവേശനം കിട്ടില്ലെന്ന നിലവന്നു. ഒടുവിൽ കാർമൽ സ്കൂളിൽ പ്രവേശനം കിട്ടി. എട്ടാംക്ലാസ് മുതൽ കരമന നീറമൺകര മന്നം മെമ്മോറിയൽ റെസിഡൻഷ്യൻ സ്കൂളിലാണ് പഠിച്ചത്.

എസ്.എസ്.എൽ.സി.ക്ക് ഏഴാം റാങ്ക് നേടി. ഗവ. ആർട്‌സ് കോളേജിൽ പ്രീഡിഗ്രിക്കു ചേർന്നു. മകനെ ഐ.ഐ.ടി.യിൽ പഠിപ്പിക്കണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാൽ, സൈന്യത്തിൽ ചേരണമെന്ന ഹരികുമാറിന്റെ ആഗ്രഹത്തിന് അവർ വഴങ്ങി. 1972-ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ പങ്കെടുത്ത അമ്മാവൻ വിങ് കമാൻഡർ എസ്.കെ.ജെ. നായർ ഉൾപ്പെടെയുള്ളവരുടെ ജീവിതവും ഹരികുമാറിന് പ്രചോദനമായി.

അക്കാലത്ത് പ്രീഡിഗ്രി ഒന്നാംവർഷം പൂർത്തിയാകുന്നവർക്ക് യു.പി.എസ്.സി.യുടെ എൻ.ഡി.എ. പരീക്ഷയെഴുതാം. പരീക്ഷയെഴുതിയ ഹരികുമാർ കേരളത്തിൽനിന്നുള്ളവരുടെ കൂട്ടത്തിൽ ഒന്നാമനായി.

പ്രീഡിഗ്രി രണ്ടാംവർഷം ജനുവരിയിൽത്തന്നെ നാവിക അക്കാദമിയിൽ പ്രവേശനം ലഭിച്ചു. പ്രീഡിഗ്രി പൂർത്തിയാകുംമുമ്പ്‌ പരീക്ഷയെഴുതി വിജയിച്ചതിനാൽ സാധാരണ പ്രവേശനം നേടുന്നവരെക്കാൾ ഒരുവർഷം മുന്പ് നിയമനവും ലഭിച്ചു. നേരത്തേ ജോലിയിൽ പ്രവേശിച്ചതിനാൽ സ്ഥാനക്കയറ്റത്തിലെല്ലാം അത് ഗുണംചെയ്തു. 2019-ലാണ് ഹരികുമാർ തിരുവനന്തപുരത്തെത്തിയത്.

മകൾ അഞ്ജനാ നായർ ഭർത്താവ് ജയ് വിജയിനും ഒരു വയസ്സായ മകൾ അക്ഷരയ്ക്കുമൊപ്പം ന്യൂസീലൻഡിലാണ്.

ഹരികുമാറിന്റെ സഹോദരനും വെറ്ററിനറി സർജനുമായ മധുസൂദനൻ ഇന്ത്യൻ സൈന്യത്തിൽ ജോലിചെയ്തിരുന്നു. മറ്റൊരു സഹോദരൻ മഹേഷ് ബെംഗളൂരുവിൽ ഐ.ടി. മേഖലയിലാണ്. നേരത്തേ, റിയർ അഡ്മിറലായി കൊച്ചി നാവികസേനാ ആസ്ഥാനത്തും ഹരികുമാർ ജോലിചെയ്തിരുന്നു.

Content Highlights: harikumar to be chief of indian navy proud moment for dears and nears