തിരുവനന്തപുരം: മൃഗപരിപാലനത്തിൽ ഡോക്ടർമാരെ സഹായിക്കാൻ വെറ്ററിനറി നഴ്‌സുമാരെ നിയമിക്കാൻ നടപടികളുമായി സർക്കാർ. ഇവർക്ക് ശാസ്ത്രീയ പരിശീലനം നൽകാൻ വെറ്ററിനറി നഴ്‌സിങ് കോളേജുകൾ ആരംഭിക്കും. ഇതിന്റെ സാധ്യതാപഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വെറ്ററിനറി സർവകലാശാല അധികൃതർക്ക് മന്ത്രി ജെ. ചിഞ്ചുറാണി നിർദേശം നൽകി. രാജ്യത്ത് ആദ്യമായാണ് ഒരു സർവകലാശാല വെറ്ററിനറി നഴ്‌സിങ് കോഴ്‌സ് ആരംഭിക്കുന്നത്.

പാഠ്യപദ്ധതി, ഉള്ളടക്കം, അനുബന്ധ കോഴ്‌സുകൾക്കുള്ള സാധ്യത, തുടങ്ങിയവ പരിശോധിക്കാനാണ് നിർദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.

മൃഗസംരക്ഷണ മേഖലയിൽ സ്വകാര്യ ക്ലിനിക്കുകൾ കുറവായതിനാൽ ജോലി സാധ്യതയ്ക്കാണ് മുൻതൂക്കം. വയനാട്, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളാണ് കോളേജ് സ്ഥാപിക്കാൻ പരിഗണനയിലുള്ളത്.