തിരുവനന്തപുരം: കേരളകൗമുദി മുൻ ചീഫ് എഡിറ്ററും കലാകൗമുദിയുടെ സ്ഥാപകപത്രാധിപരുമായ എം.എസ്. മണി (79) അന്തരിച്ചു. കുമാരപുരം കലാകൗമുദി ഗാർഡൻസിലെ വസതിയിൽ ചൊവ്വാഴ്ച പുലർച്ചയ്ക്കാണ് അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് കലാകൗമുദി ഗാർഡൻസിൽ മൃതദേഹം സംസ്‌കരിച്ചു. മാധ്യമരംഗത്തെ മികവിനുള്ള സ്വദേശാഭിമാനി-കേസരി പുരസ്കാരം അടുത്തിടെ അദ്ദേഹത്തിന് പ്രഖ്യാപിച്ചെങ്കിലും സമ്മാനിക്കാനായിട്ടില്ല.

പത്രാധിപർ കെ. സുകുമാരന്റെയും മാധവി സുകുമാരന്റെയും മകനായി 1941 നവംബർ നാലിന് മയ്യനാട്ടാണ് മണി ജനിച്ചത്. പ്രമുഖ സാഹിത്യകാരനായ സി.വി. കുഞ്ഞിരാമന്റെ ചെറുമകനാണ്. ഭാര്യ: വ്യവസായിയായ മുരുക്കുംപുഴ ദാമോദരന്റെ മകൾ ഡോ. കസ്തൂരിബായി (റിട്ട. പ്രൊഫസർ, മെഡിക്കൽ കോളേജ് തിരുവനന്തപുരം). മക്കൾ: വത്സമണി (കേരളകൗമുദി പത്രാധിപസമിതിയംഗം), സുകുമാരൻ മണി (മാനേജിങ് എഡിറ്റർ, കലാകൗമുദി). മരുമക്കൾ: മുതിർന്ന പത്രപ്രവർത്തകനായ എസ്. ഭാസുരചന്ദ്രൻ, അമേലി വേഗൽ. സഹോദരങ്ങൾ: പരേതരായ എം.എസ്. മധുസൂദനൻ, എം.എസ്. ശ്രീനിവാസൻ, എം.എസ്. രവി.

മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ എം.പി., മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ, ഡയറക്ടർ പി.വി. ഗംഗാധരൻ എന്നിവർക്കുവേണ്ടി മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.