തൃപ്പൂണിത്തുറ: തലയിലിരിക്കുന്ന ഹെൽെമറ്റിനുള്ളിൽ വിഷപ്പാമ്പുണ്ടെന്നറിയാതെ അധ്യാപകൻ ബൈക്ക് ഓടിച്ചത് 11 കിലോമീറ്റർ. ഭാഗ്യംകൊണ്ട് അപകടമില്ലാതെ രക്ഷപ്പെട്ടു. പിന്നീട് പാമ്പിനെ കണ്ടെത്തിയപ്പോൾ അത് ഹെൽെമറ്റിനുള്ളിലിരുന്നുതന്നെ ചതഞ്ഞ്‌ ചത്ത നിലയിലായിരുന്നു.

കണ്ടനാട് സെയ്ന്റ് മേരീസ് ഹൈസ്കൂളിലെ സംകൃതാധ്യാപകൻ മാമല കക്കാട് വാരിയത്ത് ‘അച്യുതവിഹാറി’ൽ കെ.എ. രഞ്ജിത്തിന്റെ ഹെൽെമറ്റിലാണ് വിഷമേറിയ ‘വളവളപ്പൻ’ പാമ്പ് കയറിയിരുന്നത്.

ബുധനാഴ്ച രാവിലെ 8.30-ഓടെ വീട്ടിൽനിന്ന്‌ അഞ്ച്‌ കിലോമീറ്റർ അകലെയുള്ള കണ്ടനാട് സ്കൂളിൽ ഹെൽെമറ്റ് ധരിച്ചുകൊണ്ടു തന്നെയാണ് രഞ്ജിത്ത് ബൈക്കോടിച്ചു വന്നത്. തുടർന്ന് തൃപ്പൂണിത്തുറ ആർ.എൽ.വി. സ്കൂളിൽ സംസ്കൃതം ക്ലാസിനായി ആറ് കിലോമീറ്ററോളം വീണ്ടും ബൈക്കോടിച്ചു. അപ്പോഴും പാമ്പിനെ കണ്ടില്ല.

പിന്നീട് 11.30-ന്‌ പുറത്തേക്ക് പോകാനായി ബൈക്ക് എടുത്തപ്പോഴാണ് കണ്ടത്, ഹെൽെമറ്റിനുള്ളിൽ പാമ്പിന്റെ വാൽ... അപ്പോഴേക്കും മറ്റ് അധ്യാപകരും ചുറ്റും കൂടി. ഹെൽെമറ്റ് പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ഞെരിഞ്ഞ് ചത്തനിലയിൽ പാമ്പിനെ കണ്ടത്. ഇത് കണ്ടതോടെ രഞ്ജിത്തും മറ്റുള്ളവരും ഭയന്നു.

ഉടൻതന്നെ രഞ്ജിത്തിനെ താലൂക്കാശുപത്രിയിലെത്തിച്ച് വിശദപരിശോധന നടത്തി. രക്തം പലതവണ പരിശോധിച്ചു. മുറിവോ മറ്റൊന്നും ഇല്ലെന്നറിഞ്ഞപ്പോഴാണ് എല്ലാവർക്കും ശ്വാസം നേരേവീണത്.

വീടിനടുത്ത് കുളമൊക്കെ ഉള്ളതിനാൽ അവിടെ നിന്നാകാം പാമ്പ് ഹെൽെമറ്റിൽ കയറിക്കൂടിയതെന്ന് രഞ്ജിത്ത് പറയുന്നു. ഇത്രയും ദൂരം ഹെൽെമറ്റ് വച്ച് ബൈക്കോടിച്ചിട്ടും യാതൊരു പ്രശ്നവും തോന്നിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും പാമ്പ് കുടിയേറുകയും ചതഞ്ഞ് ചാകുകയും ചെയ്ത ഹെൽെമറ്റ് അധ്യാപകൻ കത്തിച്ച് നശിപ്പിച്ചു.

Content Highlights: venomous snake in the helmet