കൊച്ചി: വേമ്പനാട്ട് 'കായല്‍ മൗത്ത്' ചുരുങ്ങുകയാണ്. അശാസ്ത്രീയമായ ഡ്രഡ്ജിങ് മൂലം വേമ്പനാട്ട് കായലോരം ചെളിയടിഞ്ഞ് നശിക്കുന്നു. കായല്‍ അറബിക്കടലില്‍ േചരുന്ന തേവര മുതല്‍ വെണ്ടുരുത്തി വരെയുള്ള മൂന്നര കിലോമീറ്റര്‍ ഭാഗത്താണ് ചെളിയടിഞ്ഞ് നികന്നു കൊണ്ടിരിക്കുന്നത്. തീരത്തോടു ചേര്‍ന്ന് ചെളിയടിഞ്ഞതിനാല്‍ മത്സ്യ മേഖലയിലെ പ്രതിസന്ധി രൂക്ഷമായി.

വേമ്പനാട് കായലിന്റെ തേവര ഭാഗത്താണ് ചെളി കൂടുതലുള്ളത്. തേവര-ചമ്പക്കര കനാല്‍ ഡ്രഡ്ജ് ചെയ്യുമ്പോഴുള്ള ചെളിയും കപ്പല്‍ശാല ഭാഗത്തെ ഡ്രഡ്ജിങ് ചെളിയുമെല്ലാം കായല്‍ വെള്ളത്തില്‍ തന്നെ തള്ളുന്നതിനാല്‍ തീരമേഖല എക്കലടിഞ്ഞ് നികന്നുകൊണ്ടിരിക്കുകയാണ്. തേവരയില്‍ നിന്ന് വെണ്ടുരുത്തി വരെയുള്ള കായലിന്റെ കിഴക്കുഭാഗത്താണ് ചെളിയടിഞ്ഞ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായിരിക്കുന്നത്. ഈ ഭാഗത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ജീവിക്കാനായി വിഷമിക്കുകയാണ്. പലരുടേയും വലകള്‍ ചെളിയടിഞ്ഞ് നശിച്ചു കഴിഞ്ഞു. കായലിലെ ആവാസ വ്യവസ്ഥയില്‍ മാറ്റം വന്നതിനാല്‍ മത്സ്യ സമ്പത്തിലും വലിയ കുറവു വന്നുകൊണ്ടിരിക്കുകയാണ്

അശാസ്ത്രീയമായ ഡ്രഡ്ജിങ് തുടര്‍ന്നാല്‍ ഈ ഭാഗത്ത് കായലിന്റെ മരണം ഉറപ്പാണെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇപ്പോള്‍ തന്നെ വള്ളം ഇറക്കാന്‍ കഴിയാതെ പലരും മത്സ്യമേഖല വിട്ടു. തേവര, വെണ്ടുരുത്തി ഭാഗത്താണ് മത്സ്യത്തൊഴിലാളികള്‍ വലിയ പ്രശ്‌നം നേരിടുന്നത്. തലമുറകളായി കായലിനെ ആശ്രയിച്ചു കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ പ്രശ്‌നത്തിന് എങ്ങനെ പരിഹാരം കാണുമെന്നറിയാതെ നട്ടംതിരിയുകയാണ്.

തേവര മുതല്‍ വെണ്ടുരുത്തി വരെയുള്ള കായലിന്റെ കിഴക്കുഭാഗമെങ്കിലും ഉടനെ ഡ്രഡ്ജിങ് നടത്തി ചെളി നീക്കണം. കായലോരത്ത് അടിയുന്ന എക്കലും മാലിന്യവും നീക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടാവണം. കായലോരത്തെ ചെളി പൂര്‍ണമായി നീക്കി വേലിയിറക്ക സമയത്തു പോലും വള്ളം ഇറക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാവണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കൊച്ചി തുറമുഖ അധികൃതരില്‍ നിന്നുള്ള ഇടപെടലും അനിവാര്യമാണ്.
 


മേടച്ചെമ്മീന്‍ എവിടെപ്പോയി...


കൊച്ചി: മേടത്തില്‍ വല നിറയെ നാരന്‍ ചെമ്മീന്‍ കിട്ടേണ്ടതാണ്. ഇപ്പോള്‍ നാരനെ കാണാനില്ലെന്ന് മത്സ്യത്തൊഴിലാളികള്‍. കായലോരത്ത് ചെമ്മീന്‍കൂടുകള്‍ ഇപ്പോഴില്ല. അവിടെയെല്ലാം ചെളിയടിഞ്ഞു. ചെമ്മീനുകളുടെ പ്രജനനം നടക്കാത്തതിനാല്‍ മത്സ്യസമ്പത്ത് നന്നെ കുറഞ്ഞു. മുള്ളന്‍, പൂളാന്‍, നങ്ക്, ചെമ്പല്ലി, കണമ്പ് തുടങ്ങിയ വേമ്പനാട്ടു കായലിലെ തനത് മത്സ്യങ്ങളെല്ലാം എവിടെയോ പോയി.

കടലില്‍ നിന്ന് ഏറ്റസമയത്ത് കയറിവരുന്ന മത്സ്യങ്ങളല്ലാതെ കായലിലെ സ്വന്തം മീനുകള്‍ നന്നെ കുറഞ്ഞു. കായലിനെ ആശ്രയിച്ചു കഴിഞ്ഞിരുന്നവര്‍ ഉപജീവനത്തിനു വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ്. വേമ്പനാട്ടു കായല്‍ വീണ്ടെടുക്കുന്നതിനായി പ്രക്ഷോഭ പരിപാടികള്‍ക്ക് നാട്ടുകാര്‍ ഒരുങ്ങുകയാണ്. ജൂണ്‍ നാലിന് വേമ്പനാട്ടു കായല്‍ സംരക്ഷണ സമിതി രൂപവത്കരിച്ച് പ്രക്ഷോഭം തുടങ്ങാനാണ് ആലോചന. സുധര്‍മ സൂര്യോദയ സഭയാണ് പ്രശ്‌നം പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. ഇനിയും അനങ്ങാതിരുന്നാല്‍ കായല്‍ ഇല്ലാതാവുമെന്ന തിരിച്ചറിവില്‍ നിന്നാണ് ജനങ്ങള്‍ രംഗത്തിറങ്ങുന്നതെന്ന് സഭ സെക്രട്ടറി സി.എസ്. സുനില്‍ 'മാതൃഭൂമി'യോടു പറഞ്ഞു. കായലിനെ വീണ്ടെടുക്കാന്‍ ചെളി ഡ്രഡ്ജ് ചെയ്ത് നീക്കണം. ഇതിനുള്ള പണം കൊച്ചിന്‍ പോര്‍ട്ടിന്റേയും കൊച്ചി കപ്പല്‍ശാലയുടേയും സാമൂഹ്യ സുരക്ഷാ ഫണ്ടില്‍ നിന്ന് കണ്ടെത്തണം.