വെള്ളരിക്കുണ്ട്: വർഷങ്ങൾ പലതു കഴിഞ്ഞു. കൺമുന്നിലൂടെ തിരഞ്ഞെടുപ്പുകൾ ഓരോന്നായി കടന്നുപോയി. കാലത്തിന്റെ കുത്തൊഴുക്കിൽ പലതും ഓർമ്മയായപ്പോഴും മറക്കാനാവാത്ത ഒരു നാമമായി കല്ലളൻ വൈദ്യർ ചരിത്രത്തിൽ ഇന്നും അവശേഷിക്കുന്നു. അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ എം.എൽ.എ., ജനങ്ങൾക്കൊപ്പം നിന്ന സഖാവ്. പക്ഷേ, പിന്നീടുള്ള ജീവിതത്തിലേക്ക് വൈദ്യർ ഒന്നും കരുതിവെച്ചില്ല. വൈദ്യരുടെ അവശേഷിക്കുന്ന രണ്ടു മക്കളിൽ വെസ്റ്റ് എളേരി പഞ്ചായത്തിലെ ആറാം വാർഡായ പ്ലാച്ചിക്കരയിൽ താമസിക്കുന്ന എലുമ്പൻ കൈതോടിന്റെ ജീവിതം അങ്ങേയറ്റം വേദനയിലാണ്. ചുവന്ന മണ്ണിൽ വീണു തളിർത്ത്, സമരങ്ങളുടെ കനൽച്ചൂടിൽ വളർന്ന കല്ലളൻ വൈദ്യരുടെ മക്കളെക്കുറിച്ച് പലർക്കും ഇന്ന് കേട്ടുകേൾവി പോലുമില്ലാതായി.

അടച്ചുറപ്പുള്ള വീടില്ല, ചികിത്സിക്കാൻ പണവും

ജനങ്ങൾക്കുവേണ്ടി നിന്ന സഖാവ് പക്ഷേ, തന്റെ കുടുംബത്തിനായി ഒന്നും സമ്പാദിച്ചുവെച്ചില്ല. ഇല്ലായ്മകളിൽ വളർന്ന വൈദ്യരുടെ മകന് അതുകൊണ്ട് തങ്ങളുടെ പരാധീനതകളിൽ പരാതിയുമില്ല. പക്ഷേ, ഇപ്പോൾ പ്രായം എൺപത് പിന്നിട്ടപ്പോൾ പരാശ്രയം കൂടാതെ ജീവിക്കാനാകാതെയായി. കാലിന് നീരുവന്ന് നടക്കാൻ പറ്റാതായി. മൂക്കിൽ ദശവളരുന്നതിനാൽ ശ്വാസമെടുക്കാനും മറ്റും പ്രയാസമായി. പ്രായാധിക്യത്തിന്റെ അവശതകൾ വേറെയും. ഭീമനടിയിലെ നന്മ പാലിയേറ്റീവുകാരുടെ കാരുണ്യത്തിൽ മരുന്നു കിട്ടുന്നു. വീടിന്റെ മേൽക്കൂര പലയിടത്തും തകർന്ന് ഏതുനിമിഷവും പൊട്ടിവീഴാൻ പാകത്തിലെത്തി. മഴക്കാലമായാൽ മേൽക്കൂര ഷീറ്റുകൊണ്ടു വലിച്ചുകെട്ടും. വീടിന് അടച്ചുറപ്പുള്ള വാതിലില്ല. തറ സിമന്റിട്ടിട്ടില്ല. വീട്ടിൽ മകളും കൊച്ചുമകളും കിടന്നുറങ്ങുന്നത് വെറും നിലത്ത് പായവിരിച്ച്. മകൾ നന്ദിനി കൂലിപ്പണിക്ക് പോയി കിട്ടുന്ന തുകയ്ക്ക് വേണം ഭാര്യ മാണിക്കവും കൊച്ചുമകൾ ചിത്രയുമടങ്ങുന്ന കുടുംബം മുന്നോട്ടുപോകാൻ. ’’തിരഞ്ഞെടുപ്പുകാലത്ത് പണവും സ്ഥാനമാനങ്ങളുമൊക്കെ അച്ഛന് വാഗ്ദാനമുണ്ടായിരുന്നു. എന്നാൽ പണത്തിനുംമേൽ ചെങ്കൊടിപാറുന്നതായിരുന്നു അച്ഛന്റെ സ്വപ്‌നം...’’ -എലുമ്പൻ പറയുന്നു.

കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസിനൊപ്പം നീലേശ്വരം ദ്വയാംഗമണ്ഡലത്തിൽനിന്ന് സംവരണസീറ്റിൽ മത്സരിച്ച് ഇ.എം.എസിനെക്കാൾ 6664 വോട്ടുകൾ കൂടുതൽ നേടിയ കല്ലളൻ വൈദ്യരെ ഒാർക്കുന്നവർതന്നെ കുറവ്. പഞ്ചായത്തിൽ വീടിനുള്ള അപേക്ഷ പലവട്ടം കൊടുത്തു. ഇലക്ഷന്റെ സമയത്ത് വോട്ടു ചോദിക്കാൻ എല്ലാവരും വരും. പക്ഷേ, അതുകഴിഞ്ഞാൽ ആരും തിരിഞ്ഞുനോക്കാറില്ലെന്ന് ചിത്ര പറയുന്നു. വീടു കെട്ടിയത് വെട്ടുകല്ലിലാണെന്നു പറഞ്ഞാണത്രെ മേൽക്കൂര നേരേയാക്കാത്തതും തറയിടാൻ പൈസ തരാത്തതും -എലുമ്പൻ പറയുന്നു. തിരഞ്ഞെടുപ്പുകാലത്ത് അച്ഛനൊപ്പം പ്രചാരണത്തിന് വീടുകൾതോറും കയറിയിറങ്ങിയ ഇരുപതുകാരന്റെ കഥ. ചുമരുകളിൽ എഴുതാൻ കൂട്ടുപോയത്, രാത്രിയാകുമ്പോൾ വീടെത്തുന്ന അച്ഛൻ പറഞ്ഞുകൊടുക്കുന്ന ഒരുപാട് അനുഭവങ്ങൾ. അങ്ങനെ ഒരുപാട് നല്ല ഓർമ്മകൾ ഇപ്പോഴുമുണ്ട് എലുമ്പന്.