കൊച്ചി: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ യോഗം ഇതര ശ്രീനാരായണീയ പ്രസ്ഥാനങ്ങൾ ഒന്നിക്കുന്നു. വെള്ളാപ്പള്ളിക്കെതിരേ വിവിധ ഗ്രൂപ്പുകളായിനിന്ന് പ്രതിഷേധിക്കുന്ന ആറു പ്രസ്ഥാനങ്ങൾ ഒന്നിച്ചുനീങ്ങാനാണ്‌ തീരുമാനം. വെള്ളാപ്പള്ളിക്കെതിരായ ആരോപണങ്ങളിൽ സർക്കാരിനെക്കൊണ്ട് നടപടിയെടുപ്പിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്താനാണ്‌ നീക്കം.

ഇടതുസഹയാത്രികനും സാംസ്‌കാരിക നായകനുമായ എം.കെ. സാനുവിന്റെ നേതൃത്വത്തിലാണ് സംഘടനകൾ ഒരുമിക്കുന്നത്. കൊച്ചിയിൽ വിവിധ സംഘടനകളുടെ ഭാരവാഹികൾ എം.കെ. സാനുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് സമരപരിപാടികൾ ശക്തമാക്കാൻ തീരുമാനിച്ചു.

ശ്രീനാരായണ സഹോദര ധർമവേദി, ശ്രീനാരായണ സേവാസംഘം, എസ്.എൻ.ഡി.പി. യോഗം സംരക്ഷണ സമിതി, ശ്രീനാരായണ ധർമവേദി, ശ്രീനാരായണ സാംസ്‌കാരിക സമിതി, എസ്.എൻ.ഡി.പി. യോഗം സമുദ്ധാരണ സമിതി എന്നീ സംഘടനകളുടെ ഭാരവാഹികളാണ് ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചത്.

എസ്.എൻ.ഡി.പി. യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ ദുരൂഹമരണത്തെക്കുറിച്ച് ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണമാരംഭിക്കണം. അന്വേഷണം വ്യക്തമായ കാരണങ്ങളില്ലാതെ നീട്ടിക്കൊണ്ടുപോവുകയാണ്. ഇതിൽ പ്രതിഷേധിച്ച് ജനുവരി അവസാനം സെക്രട്ടേറിയറ്റിനുമുന്നിൽ ധർണനടത്താൻ സംഘടനകൾ തീരുമാനിച്ചു. വെള്ളാപ്പള്ളിക്കെതിരേ നടപടി ആവശ്യപ്പെട്ട് സർക്കാരിനു നൽകിയ നിവേദനങ്ങളിൽ നടപടിയുണ്ടാവണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

രണ്ടു വ്യാഴവട്ടക്കാലത്തെ വെള്ളാപ്പള്ളി നടേശന്റെ ഭരണത്തിൻകീഴിൽ എസ്.എൻ.ഡി.പി. യോഗവും എസ്.എൻ. ട്രസ്റ്റും അധഃപതനത്തിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. വെള്ളാപ്പള്ളിയെ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കി ഈ സംഘടനകളെ വിമലീകരിക്കാനുള്ള ദൗത്യം ഏറ്റെടുത്തു പ്രവർത്തിക്കാനാണ് സംഘടനകളുടെ തീരുമാനം.

വെള്ളാപ്പള്ളിക്കെതിരേ നടപടിയാവശ്യപ്പെട്ട് എം.കെ. സാനുവിന്റെ നേതൃത്വത്തിൽ മാസങ്ങളായി പ്രവർത്തനങ്ങൾ നടന്നുവരികയാണ്. എം.കെ. സാനുവിന്റെ നേതൃത്വത്തിൽ ശ്രീനാരായണ സേവാസംഘം രണ്ടുമാസംമുമ്പ് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെക്കണ്ട് പിന്തുണ തേടിയിരുന്നു. അതിന്റെ തുടർച്ചയാണ് പുതിയ നീക്കം.