കണ്ണൂർ: കേസിൽപ്പെട്ട് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ പോലീസ് സ്റ്റേഷൻ പരിസരിത്തുനിന്നുംമറ്റും പെട്ടെന്ന് ഒഴിവാക്കാൻ സമഗ്ര മാർഗനിർദേശവുമായി സർക്കാർ. പോലീസ്, വനം, ഗതാഗതം, റവന്യു, എക്സൈസ് വകുപ്പുകൾ പിടിച്ചെടുത്ത വാഹനങ്ങൾ അതിവേഗം ഒഴിവാക്കാനാണ് മാർഗനിർദേശം.

വാഹനങ്ങൾ അനന്തമായി കാര്യാലയങ്ങളിലോ പൊതുസ്ഥലത്തോ വെക്കരുത്. ഇങ്ങനെ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങൾ ഉടമകൾക്ക് വിട്ടുകൊടുക്കാൻ കഴിയാത്തതാണെങ്കിൽ വില്പനനടത്തണം. വിൽക്കാനുള്ള മാർഗരേഖയും സർക്കാർ പുറപ്പെടുവിച്ചു. പിടിച്ചെടുത്തിട്ടും കോടതിയിൽ എത്തിക്കാത്ത മുഴുവൻ വാഹനങ്ങളും ഡിസംബർ 31-നുമുമ്പ് കോടതിയിലെത്തിച്ച് തുടർനടപടി തേടണമെന്നാണ് നിർദേശം.

നേരത്തേത്തന്നെ കോടതിയുടെ മുമ്പിലുള്ള പ്രശ്നമാണെങ്കിൽ വിധി വേഗത്തിലാക്കാൻ പ്രത്യേക അപേക്ഷ നൽകണം. കോടതിയിലെത്തിക്കാൻപോലും സാധിക്കാത്തവിധം കേടായ വാഹനമാണെങ്കിൽ ഫോട്ടോയും വിവരവും കോടതിയിൽ സമർപ്പിച്ച് നിർദേശം തേടണം.

വാഹനം പിടിച്ചെടുത്താൽ

വാഹനം പിടിച്ചാൽ രണ്ടാഴ്ചയ്ക്കകം ഫോട്ടോ എടുപ്പ്, ഇൻഷുററെ കണ്ടെത്തൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി കോടതിമുമ്പാകെ എത്തിക്കണം. കോടതി പ്രത്യേകമായി നിർദേശിക്കാത്തപക്ഷം പിടിച്ചെടുത്ത വാഹനം കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടതില്ല. വിട്ടുകൊടുക്കാൻ കോടതി നിർദേശിച്ചാൽ രണ്ടുമാസത്തിനകം നൽകണം. കോടതി നിർദേശിക്കാത്തപക്ഷം വില്പനയ്ക്ക് തടസ്സമില്ല.

ലേലത്തിൽ വിൽക്കാനാണ് കോടതി നിർദേശിക്കുന്നതെങ്കിൽ രണ്ടാഴ്ചയ്ക്കകം നടപടി തുടങ്ങണം. ആറുമാസത്തിനകം പൂർത്തിയാക്കണം.

ആളില്ലാവാഹനങ്ങൾ കസ്റ്റഡിയിലെടുക്കുമ്പോൾ

ഉടമസ്ഥനില്ലാതെ പൊതുസ്ഥലത്ത് കാണപ്പെടുന്ന വാഹനം കസ്റ്റഡിയിലെടുത്താൽ കേസ് ജില്ലാ പോലീസ് മേധാവിയുടെയോ കമ്മിഷണറുടെയോ മുമ്പിലെത്തിക്കണം. അവകാശികളുണ്ടോ എന്നാരാഞ്ഞ് ജില്ലാ പോലീസ് മേധാവി പരസ്യം ചെയ്യണം. മൂന്നുമാസത്തിനകം അവകാശി എത്തിയാൽ തിരിച്ചുനൽകണം. എന്നാൽ, ഇക്കാര്യത്തിൽ എതിർപ്പുണ്ടായാൽ കാര്യം കോടതിക്ക് വിടണം. അവകാശികളില്ലാത്ത പക്ഷം വിലനിർണയമടക്കമുള്ള നടപടി പൂർത്തിയാക്കി ലേലംചെയ്ത് വിൽക്കാം.

ലേലത്തിനുമുന്പ് വിലനിർണയം

തിരിച്ചുനൽകാനാവാത്ത വാഹനങ്ങൾ ലേലംചെയ്യുംമുമ്പ് വില നിർണയിക്കണം. ഇതിനായി എല്ലാ ജില്ലയിലും വിലനിർണയസമിതി രൂപവത്കരിക്കും. ജില്ലാകളക്ടർ ചെയർമാനും ജില്ലാ പോലീസ് മേധാവി കൺവീനറുമായിരിക്കും. മോട്ടോർ വാഹനം, മരാമത്ത് വകുപ്പുകളുടെ ജില്ലാമേധാവികളും സമിതിയിലുണ്ടാകും. വാഹനം കസ്റ്റഡിയിലെടുത്ത വകുപ്പിന്റെ പ്രതിനിധി ക്ഷണിതാവായിരിക്കും.

വാങ്ങിയ വിലയുടെ 20 ശതമാനം ആദ്യ വർഷത്തേക്ക് മൂല്യശോഷണമായി കണക്കാക്കണം. ബാക്കി തുകയുടെ 20 ശതമാനം അടുത്ത വർഷം. ആറുവർഷം കഴിഞ്ഞാൽ 10 ശതമാനം വീതമാണ് കുറയ്ക്കുക. 10 വർഷം കഴിഞ്ഞതാണെങ്കിൽ ‘ഇരുന്പുവില’ മാത്രം. ഇത്‌ നിശ്ചയിക്കുന്നതും വിലനിർണയസമിതി.

മൂന്നുതവണ ലേലനടപടികൾ നടത്താം. ആദ്യലേലത്തിന് നിശ്ചിത തുകയ്ക്ക് വാങ്ങാൻ ആരും വരാതിരുന്നാൽ തുകയിൽ 10 ശതമാനം കുറച്ച് വീണ്ടും ലേലം നടത്തണം. രണ്ടാമതും വാങ്ങാൻ ആരുമെത്തുന്നില്ലെങ്കിൽ സ്‌ക്രാപ് വിലയ്ക്ക് വിൽക്കാം. ഇങ്ങനെ വില്പന നടത്തുന്നതിലൂടെ കിട്ടുന്ന പണം ഈയിനത്തിനായിമാത്രം തുടങ്ങുന്ന അക്കൗണ്ടിലാണ് നിക്ഷേപിക്കേണ്ടത്. കോടതി നിശ്ചയിക്കുന്ന അവകാശികൾക്ക് മുഴുവൻ തുകയും നൽകണം.