തിരുവനന്തപുരം: പുതിയതെന്ന വ്യാജേന പഴയവാഹനങ്ങള്‍ വിറ്റഴിച്ച പത്തു ഡീലര്‍മാര്‍ക്കെതിരെ മോട്ടോര്‍വാഹനവകുപ്പ് പരാതി നല്‍കി. ചെങ്ങന്നൂരില്‍ ആറും ആലപ്പുഴയില്‍ നാലും ഡീലര്‍മാര്‍ക്കെതിരെയാണ് വഞ്ചനക്കുറ്റത്തിന് കേസെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനൊപ്പം മോട്ടോര്‍വാഹനവകുപ്പിന്റെ നിയമനടപടികളും തുടങ്ങി. കോട്ടയം, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലെ നാലു ഡീലര്‍മാരുടെ വിപണനാനുമതി (ട്രേഡ് സര്‍ട്ടിഫിക്കറ്റ്) റദ്ദാക്കി. ആലപ്പുഴ ആര്‍.ടി.ഒ. നാലു ഡീലര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

2016-ല്‍ നിര്‍മിച്ച് വില്‍ക്കാതെ കിടക്കുന്ന വാഹനങ്ങള്‍ 2017-ല്‍ നിര്‍മിച്ചതെന്നുകാട്ടി കൂടിയവിലയ്ക്ക് വില്‍ക്കുന്നത് കണ്ടെത്തി. ഇതില്‍ നടപടിയെടുക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു.

പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനായി നല്‍കുന്ന രേഖകളിലാണ് ചില ഡീലര്‍മാര്‍ കൃത്രിമം കാട്ടിയത്. നിര്‍മിച്ചവര്‍ഷം, മോഡല്‍, എന്‍ജിന്‍, ഷാസി നമ്പരുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന വില്പനപത്രം ഡീലര്‍മാരാണ് തയ്യാറാക്കുന്നത്. ഇതില്‍ നിര്‍മിച്ചവര്‍ഷം തിരുത്തി. കഴിഞ്ഞവര്‍ഷം നിര്‍മിച്ച വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അക്കാര്യം ഉപഭോക്താവിനെ അറിയിക്കണമെന്നാണ് നിയമം. ഇത്തരം വാഹനങ്ങള്‍ക്ക് കമ്പനി വിലക്കിഴിവും നല്‍കാറുണ്ട്. ഈ ആനുകൂല്യം സ്വന്തമാക്കാനാണ് ഡീലര്‍മാര്‍ ശ്രമിച്ചത്.

പുതിയ വാഹനത്തിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഡീലര്‍മാര്‍ നല്‍കുന്ന രേഖകളില്‍ റോഡുക്ഷമതാസാക്ഷ്യപത്രം മാത്രമാണ് വാഹന നിര്‍മാതാക്കള്‍ നല്‍കുന്നത്. നിര്‍മിച്ച വര്‍ഷം ഇതിലുണ്ടാകില്ല. സ്ഥിരം രജിസ്‌ട്രേഷനായി ഡീലര്‍മാരാണ് രേഖകള്‍ തയാറാക്കുന്നത്. ഇതാണ് ക്രമക്കേടിന് വഴിവെച്ചത്.

ഓണ്‍ലൈനിലൂടെ രേഖകള്‍ നല്‍കിയതിലെ പിഴവാകാം പരാതിക്ക് അടിസ്ഥാനമെന്ന് ഡീലര്‍മാര്‍ പറയുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നിര്‍മിച്ച് വില്‍ക്കാത്തവയെ സാങ്കേതികമായി പഴയവാഹനങ്ങളെന്ന് പറയാനാകില്ല. കമ്പനി ഇളവ് നല്‍കാന്‍ തയ്യാറുള്ളതിനാല്‍ ഇക്കാര്യം ഉപഭോക്കാക്കളെ അറിയിച്ച് വില്‍ക്കുകയാണ് പതിവെന്നും ഡീലര്‍മാര്‍ അറിയിച്ചു.

കബളിപ്പിക്കല്‍ തിരിച്ചറിയാം

വാഹനം നിര്‍മിച്ച മാസം, വര്‍ഷം, പ്ലാന്റ് തുടങ്ങിയ വിവരങ്ങള്‍ ഉപഭോക്താവിന് നേരിട്ട് കണ്ടെത്താം. ഒരോ വാഹനത്തിനും നിര്‍മാണ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന വെഹിക്കിള്‍ ഇന്‍ഡിക്കേഷന്‍ നമ്പറില്‍നിന്ന് (വിന്‍) ഇത് കണ്ടെത്താനാകും. എന്‍ജിന്‍, ഷാസി നമ്പറുകളുടെ നിശ്ചിത അക്കങ്ങള്‍, നിര്‍മിച്ചവര്‍ഷം, മാസം എന്നിവയുടെ കോഡുള്‍പ്പെടുത്തിയുള്ളതാണിത്.

വാഹനനിര്‍മാതാക്കള്‍ ഈ കോഡ് വിശദീകരിക്കാറുണ്ട്. മോട്ടോര്‍വാഹനവകുപ്പിനും ഇതിന്റെ പകര്‍പ്പ് നല്‍കും. വാഹനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഇന്ത്യ പോലുള്ള കേന്ദ്രസ്ഥാപനങ്ങളുടെ അനുമതിയോടെയാണ് വിന്‍ ക്രമീകരിക്കുന്നത്. വാഹനത്തിന്റെ മോഡലില്‍ സംശയമുള്ളപക്ഷം വിന്‍ നമ്പര്‍ ഡീകോഡ് ചെയ്യാന്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടാം.