തിരുവനന്തപുരം: പത്തുവർഷം മുമ്പ് വിറ്റ വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പഴയ ഉടമയെ തേടിയെത്തി. അപ്രതീക്ഷിതമായി ലഭിച്ച രജിസ്‌ട്രേഡ് തപാലിൽ കിട്ടിയ ആർ.സി. വർഷങ്ങൾക്കുമുമ്പ് കൈമാറിയ വാഹനത്തിന്റേതാണെന്നറിഞ്ഞ ഉടമ ഞെട്ടി. പല കൈമറിഞ്ഞുപോയിട്ടും വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയിരുന്നില്ല. മാവേലിക്കര ജോ. ആർ.ടി. ഓഫീസിൽനിന്ന്‌ തഴക്കര സ്വദേശിയായ യുവാവിനാണ് വർഷങ്ങൾക്കുമുമ്പ്‌ വിറ്റ വാഹനത്തിന്റെ രജിസ്‌ട്രേഷൻരേഖ ലഭിച്ചത്.

ഇടനിലക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി വാഹനരേഖകൾ ഉടമയ്ക്കുതന്നെ രജിസ്‌ട്രേഡ് തപാലിൽ കൈമാറാൻ തീരുമാനിച്ചതാണ് കാരണം. വാഹനം ഇപ്പോഴും തന്റെ പേരിലാണെന്ന വിവരം ആർ.സി. കിട്ടിയപ്പോഴാണ് യുവാവ് തിരിച്ചറിഞ്ഞത്. വാഹനം കൈവശംവെച്ചിരുന്നവർ രജിസ്‌ട്രേഷൻ പുതുക്കാനാണ് അപേക്ഷ നൽകിയത്. ഓഫീസിൽനിന്ന്‌ നേരിട്ട് രേഖ കൈപ്പറ്റാനുള്ള ഇവരുടെ ശ്രമം പാളി. ഓഫീസ് ജീവനക്കാർ ഉടമയുടെപേരിൽ രേഖകൾ തപാലിൽ അയക്കുകയായിരുന്നു. കൈവശം െവച്ചിരിക്കുന്നവരിൽനിന്ന് ഇൻഷുറൻസില്ലാതെ വാഹനം അപകടത്തിൽപ്പെട്ടാൽ രേഖകളിലെ ഉടമ നഷ്ടപരിഹാരം നൽകേണ്ടിവരും.

അസൽരേഖകൾ യഥാർഥ അവകാശിയുടെ വിലാസത്തിൽമാത്രമേ നൽകൂ എന്ന വ്യവസ്ഥ മോട്ടോർവാഹനവകുപ്പ് ഏർപ്പെടുത്തിയത് ഇത്തരക്കാർക്ക് ആശ്വാസമാണ്. ആർ.സി. കിട്ടില്ലെന്ന അവസ്ഥ വന്നതോടെ ഇങ്ങനെ വാഹനങ്ങൾ കൈവശംവെച്ചിട്ടുള്ള പലരും ഉടമസ്ഥാവകാശം സ്വന്തം പേരിലേക്ക്‌ മാറ്റാൻ തയ്യാറാകുന്നുണ്ട്.