ഹരിപ്പാട്: പുതിയ ഇരുചക്രവാഹനങ്ങളും സ്വകാര്യ ആവശ്യത്തിനായി കാറുകളും വാങ്ങുമ്പോൾ ഓണർ ഡ്രൈവർ കവറേജ് ഇൻഷുറൻസ് പ്രീമിയം ഒരു വർഷത്തേക്ക് അടച്ചാൽ മതിയെന്ന് ഐ.ആർ.ഡി.എ.ഐ.. തുടർന്നുള്ള വർഷങ്ങളിൽ ഇത് പുതുക്കിയാൽ മതിയാകും.

ഇരുചക്രവാഹനം വാങ്ങുമ്പോൾ നിലവിൽ അഞ്ചു വർഷത്തെ തേർഡ് പാർട്ടി പ്രീമിയം മുൻകൂർ അടയ്ക്കണം. കാറുകൾക്ക് മൂന്നു വർഷത്തേക്കും. ഇതിനൊപ്പം ഇതേ കാലയളവിലേക്ക് നിർബന്ധമായി ഓണർ ഡ്രൈവർ കവറേജ് പ്രീമിയവും അടയ്ക്കേണ്ടിയിരുന്നു. ഇത് ഒരു വർഷത്തേക്ക് മതിയെന്നാണ് പുതിയ നിർദേശം.

ഓണർ ഡ്രൈവർ കവറേജ് 15 ലക്ഷം രൂപയായി ഉയർത്തിയതിനെ തുടർന്ന് പ്രീമിയവും ഉയർന്നിരുന്നു. ഒരു വർഷത്തെ പ്രീമിയം തുകയിൽ 750 രൂപയാണ് കൂടിയത്. ഇതോടെ പുതിയ ഇരുചക്രവാഹനം വാങ്ങുന്നവർക്ക് 18 ശതമാനം ജി.എസ്.ടി. ഉൾപ്പെടെ അഞ്ചു വർഷത്തേക്ക് 4425 രൂപ അധികം നൽകണമായിരുന്നു. കാറുകൾക്ക് മൂന്നുവർഷത്തേക്കായി 2665 രൂപയും.

ഓണർ ഡ്രൈവർ കവറേജിനുള്ള പ്രീമിയം ഒരു വർഷത്തേക്കാക്കുമ്പോൾ ഇരുചക്രവാഹനങ്ങൾക്ക് വർധിപ്പിച്ച തുകയിൽ 3540 രൂപയുടെ കുറവുണ്ടാകും. കാറുകൾക്ക് 1770 രൂപയും.

ദേശീയതലത്തിൽ ഇരുചക്ര വാഹനവിപണിയിൽ ഇൻഷുറൻസ് നിരക്കു വർധന തിരിച്ചടിയായിയിരുന്നു. ഇതോടൊപ്പം പെട്രോൾ വിലവർധന കൂടിയായപ്പോൾ വിൽപ്പന ഇടിഞ്ഞു.

പുതിയ വാഹനങ്ങൾക്ക് ദീർഘകാല ഇൻഷുറൻസ് പ്രീമിയം നിർബന്ധമാക്കിയപ്പോൾ അപകടത്തിൽ വണ്ടിക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാനുള്ള പാക്കേജ് പോളിസി വർഷംതോറും പുതുക്കാൻ ഐ.ആർ.ഡി.എ.ഐ. അനുമതി നൽകിയിരുന്നു. ഇതേ രീതി തന്നെയാണ് ഓണർ ഡ്രൈവർ പ്രീമിയത്തിലും വരുത്തിയിരിക്കുന്നത്. പാക്കേജ് പോളിസി ഉടമയ്ക്ക് വേണമെങ്കിൽ മാത്രം വർഷാവർഷം പുതുക്കാം. എന്നാൽ, ഓണർ ഡ്രൈവർ പോളിസി പുതുക്കണമെന്നത് നിർബന്ധമാണ്.

ഓണർ ഡ്രൈവർ കവറേജ്

ആർ.സി. ബുക്കിൽ പേരുള്ള ആൾ അതേ വാഹനം അപകടത്തിൽപ്പെട്ട് മരിച്ചാൽ ലഭിക്കുന്ന ഇൻഷുറൻസ് സംരക്ഷണം. ആർ.സി. ബുക്കിലും ഇൻഷുറൻസ് പോളിസിയിലും ഒരേ പേരു തന്നെയാണെങ്കിലാണ് ഇത് ലഭിക്കുക. ഉടമ വാഹനം ഓടിക്കണമെന്ന് നിർബന്ധമില്ല. അതേ വാഹനത്തിൽ യാത്രചെയ്യുമ്പോഴാണ് അപകടമെങ്കിലും അവകാശികൾക്ക് നഷ്ടപരിഹാരം കിട്ടും. പക്ഷേ, ആളിന് ആ വാഹനം ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരിക്കണം. നേരത്തേ ഇരുചക്ര വാഹനങ്ങൾക്ക് ഒരുലക്ഷം രൂപയും മറ്റ് വാഹനങ്ങൾക്ക് രണ്ടുലക്ഷവുമായിരുന്നു ഈ ഇനത്തിലെ കവറേജ്.