തിരുവനന്തപുരം: വാഹനപരിശോധനാ സമയത്ത് ഹാജരാക്കുന്ന രേഖകൾ ആധികാരിക രേഖയായി അംഗീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദേശിച്ചു. കേന്ദ്ര ഐ.ടി. മന്ത്രാലയം പുറത്തിറക്കിയ ഡിജിലോക്കർ, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എം-പരിവാഹൻ എന്നീ ആപ്പുകൾ മുഖേനയുള്ള രേഖകൾ അംഗീകരിക്കാനാണ് നിർദേശം.

ഡ്രൈവിങ് ലൈസൻസ്, രജിസ്‌ട്രേഷൻ, ഇൻഷുറൻസ്, ഫിറ്റ്‌നെസ്, പെർമിറ്റ്, പുക പരിശോധനാ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ളതാണ് ഡിജിലോക്കർ, എം-പരിവാഹൻ ആപ്പുകൾ. ഇവയിൽ വാഹനരേഖകൾ സൂക്ഷിച്ചിട്ടുള്ളവർക്ക് എന്തെങ്കിലും കാരണത്താൽ പരിശോധനാ സമയത്ത് അവ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽപ്പോലും ഉദ്യോഗസ്ഥർക്ക് ഈ ആപ്പുകൾ വഴി രേഖകൾ പരിശോധിക്കാനാവും.

2019-ലെ പുതുക്കിയ മോട്ടോർ വാഹന നിയമപ്രകാരം ഇലക്‌ട്രോണിക് മാതൃകയിലുള്ള രേഖകൾ അംഗീകരിക്കണമെന്നും ഇതിന്റെ പേരിൽ വാഹന ഉടമകൾക്ക് പീഡനമോ അസൗകര്യമോ ഉണ്ടാകാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. രേഖകളുടെ പകർപ്പ് ഹാജരാക്കാത്തതിന്റെ പേരിൽ പിഴ ഈടാക്കുന്നത് നീതീകരിക്കാനാവില്ലെന്നും ഡി.ജി.പി. നിർദേശിച്ചു.