തിരുവനന്തപുരം: ലക്ഷങ്ങൾ വാരിയെറിഞ്ഞ് ഒന്നാംനമ്പർ സ്വന്തമാക്കിയാലും ഇഷ്ടമുള്ളപോലെ പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന് വന്നതോടെ വാഹന ഫാൻസി നമ്പർ ലേലത്തിൽ വൻ ഇടിവ്. രാജ്യവ്യാപക കംപ്യൂട്ടർ ശൃംഖലയായ ‘വാഹനി’ലേക്ക് രജിസ്‌ട്രേഷൻ മാറിയശേഷം സംസ്ഥാനത്തെ ആർ.ടി. ഓഫീസികളിലൊന്നും ഒന്നാം നമ്പറിനുവേണ്ടി വാശിയേറിയ ലേലം നടന്നിട്ടില്ല. അഞ്ചുമുതൽ പത്തുലക്ഷംവരെ ശരാശരി ലേലത്തുക ലഭിച്ചിരുന്നിടത്താണിത്. ഇഷ്ട നമ്പറിനുവേണ്ടിയുള്ള ബുക്കിങ്ങിലും 50 ശതമാനം കുറവുവന്നു. ചില ഓഫീസുകളിലെ ഒന്നാംനമ്പർ ബുക്ക് ചെയ്യാൻപോലും ആളില്ല.

കെ.എൽ.01. സി.കെ. ഒന്ന് എന്ന നമ്പറിന് 31 ലക്ഷം രൂപ ലഭിച്ച തിരുവനന്തപുരം ആർ.ടി. ഓഫീസിൽ പിന്നീടുവന്ന സി.എൽ, സി.എം. ശ്രേണിയിലെ ഒന്നാം നമ്പറുകൾക്ക് ഒരുലക്ഷം രൂപയാണ് ലഭിച്ചത്. ലേലത്തിൽ പങ്കെടുക്കാൻ കെട്ടിവെക്കേണ്ട തുകയാണിത്. എറണാകുളത്ത് കെ.എൽ. 07 സി.എസ്. 01 എന്ന നമ്പറിനും ഒരു ലക്ഷം രൂപയാണ് ലഭിച്ചത്.

ഏപ്രിൽമുതലാണ് രജിസ്ട്രേഷൻ ‘വാഹൻ’ സംവിധാനത്തിലേക്ക് മാറിയത്. ഓൺലൈനിൽ നമ്പർ ബുക്ക് ചെയ്യാം. ലേലം ഓൺലൈനായതിനാൽ പങ്കെടുക്കുന്നവർ തമ്മിലുള്ള ഒത്തുകളി ഒഴിവാക്കാം. ഇതിന്റെ കൂടെയാണ് അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ കൂടി ഏർപ്പെടുത്തിയത്. ഇതോടെ നമ്പർപ്ലേറ്റ് തയ്യാറാക്കാനുള്ള അവകാശം വാഹന ഉടമയ്ക്ക് നഷ്ടമായി. ഇഷ്ടമുള്ളതുപോലെ നമ്പർ പ്രദർശിപ്പിക്കാനാകില്ല.

കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവുപ്രകാരം അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ നൽകേണ്ടത് വാഹന നിർമാതാവാണ്. ഡീലർമാരാണ് ഇവ ഘടിപ്പിക്കേണ്ടത്. വാഹനത്തിന്റെ രജിസ്‌ട്രേഷൻ രേഖകളിലുള്ളതുപോലെ നമ്പർ പ്ലേറ്റ് നൽകും. കംപ്യൂട്ടർ നിയന്ത്രിത വാഹൻ സംവിധാനത്തിൽ 0001 എന്നാണ് ഒന്നാം നമ്പറിന് രേഖപ്പെടുത്തുന്നത്. ഇതോടെ ഫാൻസി നമ്പറിന് പ്രൗഢി നഷ്ടമായി.