തിരുവനന്തപുരം: കോവിഡ് വ്യാപനഘട്ടത്തിൽ പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം കൈകളിലെത്തിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ട്, അത് നിലവിൽ പെൻഷൻകൊടുക്കുന്നതാണ് ഉദ്ദേശിക്കുന്നതെന്ന് പറയുന്നത് കാപട്യമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ട് അത് ബജറ്റ് എസ്റ്റിമേറ്റിൽ കാണാനില്ല. കാപട്യം ഒളിപ്പിച്ചുവെച്ച ബജറ്റാണിതെന്നും പ്രതിസന്ധിഘട്ടത്തിൽ ജനങ്ങളെ കബളിപ്പിക്കുന്നത് മര്യാദകേടാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

5000 കോടിരൂപ സർക്കാരിൽ ബാക്കിയുണ്ടെന്നായിരുന്നു തിരഞ്ഞെടുപ്പിനുമുമ്പായി തോമസ് ഐസക് പറഞ്ഞത്. 18,000 കോടി കേന്ദ്രത്തിൽനിന്ന് ഉടൻ കിട്ടുമെന്നും പറഞ്ഞിരുന്നു. ഈതുക ബജറ്റ് എസ്റ്റിമേറ്റിൽ കാണാനില്ല. 1715 കോടിരൂപയുടെ അധികചെലവാണ് ബജറ്റിൽ പറയുന്നത്. 20,000 കോടിയുടെ ഉത്തേജനപാക്കേജ് കാണിക്കാതെയാണിത്. കോവിഡ് മൂന്നാംതരംഗത്തെ നേരിടുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള നിർദേശങ്ങൾ, കമ്യൂണിറ്റി ഹെൽത്ത്‌ സെന്ററുകളിലേക്ക് എം.എൽ.എ. ഫണ്ട് വിഹിതം മാറ്റാനുള്ള തീരുമാനം ഇതെല്ലാം പ്രതിപക്ഷം സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷംകൂടി നിർദേശിച്ച ഇക്കാര്യങ്ങൾ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും സതീശൻ പറഞ്ഞു.

പ്രതിസന്ധിക്ക് ആക്കംകൂട്ടുന്ന ബജറ്റ് -കുഞ്ഞാലിക്കുട്ടി

പ്രതിസന്ധിയിലായ ജനങ്ങൾ പ്രതീക്ഷിക്കുന്നതിന് നേരെ എതിരായ കാര്യങ്ങളാണ് ബജറ്റിൽ പറയുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാരിന്റെ പോക്ക് ഒട്ടും സുഖകരമാവില്ലെന്നതിന്റെ സൂചനയാണിത്. ഒരുമേഖലയ്ക്കും ബജറ്റിൽ ഊന്നൽ നൽകിയിട്ടില്ല. താഴോട്ടുപോകുന്ന വളർച്ച, പെരുകുന്ന തൊഴിലില്ലായ്മ, വരുമാനം നിലച്ച സ്ഥിതി ഇവയ്ക്കുള്ള ഉത്തരമായിരുന്നു ബജറ്റിലുണ്ടാവേണ്ടത്. അതുണ്ടായില്ല. പ്രതിസന്ധിക്ക് ആക്കംകൂട്ടുന്ന ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു.

കർഷകവിരുദ്ധ സമീപനം -മോൻസ് ജോസഫ്

കർഷകരെ സംരക്ഷിക്കുന്ന ഒരുനിർദേശവുമില്ലാത്ത കർഷകവിരുദ്ധ സമീപനമാണ് ബജറ്റിലുള്ളതെന്ന് മോൻസ് ജോസഫ് കുറ്റപ്പെടുത്തി. കാർഷികമേഖലയ്ക്ക് ആശ്വാസപദ്ധതി പ്രഖ്യാപിക്കണമെന്ന് ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അതില്ലാതെ പോയത് പ്രതിഷേധാർഹമാണ്. ടൂറിസം പദ്ധതികളിൽ മലബാറിനും തെക്കൻകേരളത്തിനുമായി പ്രത്യേകം സർക്യൂട്ട് പ്രഖ്യാപിച്ചപ്പോൾ, കുമരകം ഉൾപ്പെടുന്ന മധ്യകേരളം അവഗണിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.