തിരുവനന്തപുരം: 1967-ൽ ഒമ്പത് കോൺഗ്രസ് അംഗങ്ങളുമായാണ് കരുണാകരൻ പ്രതിപക്ഷത്തിരുന്നത്. അവിടനിന്നാണ് കോൺഗ്രസിന്റെ പിന്നീടുള്ള വളർച്ചയും കെ. കരുണാകരനെന്ന തന്ത്രശാലിയായ ഭരണാധികാരിയും ഉണ്ടായത്. സമാനതകളുള്ള, രാഷ്ട്രീയ ചരിത്രത്തിന്റെ ആവർത്തനമാണിപ്പോൾ. ഇന്ന് 21 കോൺഗ്രസ് അംഗങ്ങളുമായി പ്രതിപക്ഷനേതൃസ്ഥാനമെന്ന വെല്ലുവിളി ഏറ്റെടുക്കുന്നത് വി.ഡി. സതീശനാണ്.

1967-ൽ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി സർക്കാർ അധികാരത്തിലെത്തി. മാളയിൽനിന്ന് ജയിച്ചുവന്ന കരുണാകരനടക്കം ഒമ്പതുപേരാണ് കോൺഗ്രസ് പ്രതിനിധികൾ. എറണാകുളത്തുനിന്നു ജയിച്ച മുൻസ്പീക്കർ കൂടിയായ അലക്‌സാണ്ടർ പറമ്പിത്തറയെ നിയമസഭാകക്ഷി നേതാവായി നിശ്ചയിക്കാനായിരുന്നു തീരുമാനം. തകർന്നുപോയ പാർട്ടിയിൽനിന്ന്, ഇ.എം.എസിനെപ്പോലൊരു കരുത്തുറ്റ കമ്യൂണിസ്റ്റ് നേതാവ് നയിക്കുന്ന ടീമിനോട് പൊരുതാനാവില്ലെന്ന ആശങ്കയിൽ പ്രതിപക്ഷനേതൃസ്ഥാനം അദ്ദേഹം ഏറ്റെടുത്തില്ല. പകരം, കരുണാകരൻ ദൗത്യം ഏറ്റെടുത്തു.

രണ്ടുവർഷം കഴിഞ്ഞപ്പോൾ, 1969-ൽ സപ്തകക്ഷി സർക്കാരിനെ പിളർത്തി ഭരണമാറ്റമുണ്ടാക്കുന്ന രാഷ്ട്രീയ ചാണക്യനായി കരുണാകരൻ. 1970-ലെ പൊതുതിരഞ്ഞെടുപ്പിൽ കെ.എസ്.യു.-യൂത്ത് കോൺഗ്രസ് നേതാക്കളായിരുന്ന എ.കെ. ആന്റണി, ഉമ്മൻചാണ്ടി, എൻ. രാമകൃഷ്ണൻ, എ.സി. ഷണ്മുഖദാസ്, കൊട്ടറ ഗോപാലകൃഷ്ണൻ എന്നിവരെ കമ്യൂണിസ്റ്റ് കോട്ടകളിൽ വിജയിപ്പിച്ച് ചരിത്രമുന്നേറ്റമുണ്ടാക്കാൻ കരുണാകരന് കഴിഞ്ഞു. പിന്നീട്, കരുണാകരനെന്ന ലീഡറിന്റെ രാഷ്ട്രീയയാത്രകൾ കേരളത്തിന്റെ ചരിത്രം തീർക്കുന്നതുകൂടിയായിരുന്നു.

ഇനി സതീശന്റെ ഊഴം

കരുണാകരനെക്കാളും വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് വി.ഡി. സതീശൻ പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് വരുന്നത്. സപ്തകക്ഷി സർക്കാർ പോലെയല്ല രണ്ടാം പിണറായി സർക്കാർ. സി.പി.എമ്മും സി.പി.ഐ.യും ഉൾപ്പെടുന്ന കമ്യൂണിസ്റ്റ് പാർട്ടികൾക്കു മാത്രം ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട്. പാർട്ടിയിലും മുന്നണിയിലും കരുത്തനായ മുഖ്യമന്ത്രിയും.

അലക്‌സാണ്ടർ പറമ്പിത്തറ ഏറ്റെടുക്കാൻ മടിച്ച സ്ഥാനമാണ് കരുണാകരൻ ഏറ്റെടുത്തത്. അതിനാൽ, വിയോജിപ്പുകളില്ലാതെ പോരാട്ടത്തിനിറങ്ങാൻ എളുപ്പമായിരുന്നു. ഐ. ഗ്രൂപ്പിന്റെ നേതാവായ ചെന്നിത്തലയ്ക്കു പകരമാണ് അതേ ഗ്രൂപ്പിലായിരുന്ന സതീശൻ എത്തുന്നത്. ഇത് കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളിലും മാറ്റമുണ്ടാക്കും. ഗ്രൂപ്പിനതീതമായി യുവനേതാക്കളുടെ പിന്തുണ സതീശന് ലഭിച്ചത് ശുഭസൂചനയാണ്. എങ്കിലും, മുൻനിര നേതാക്കളെക്കൂടി ചേർത്തുനിർത്തിയാലേ സതീശന് ഈ യുദ്ധത്തിൽ പൊരുതാൻ പോലുമാകുകയുള്ളൂ.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും യു.ഡി.എഫിനും തിരിച്ചുവരവിന്റെ സൂചന നൽകാനാകണം. ദേശീയതലത്തിൽ ഇപ്പോൾ കോൺഗ്രസ് നേരിടുന്ന ശൈഥില്യവും പ്രശ്നമാണ്. നിയമസഭയിലെ നായകത്വം സഭയ്ക്ക് പുറത്തുകൂടി ഉണ്ടാക്കാൻ സതീശന് കഴിയണമെങ്കിൽ, കെ.പി.സി.സി.യിലും ചേർന്നുനിൽക്കുന്ന നേതൃത്വമുണ്ടാകണം. ഉമ്മൻചാണ്ടി-ചെന്നിത്തല നായകത്വത്തിൽനിന്ന് യു.ഡി.എഫ്. മാറുമ്പോൾ ഘടകകക്ഷികളിലും ആ മാറ്റം ഉൾക്കൊള്ളാനാകുന്ന സമീപനം വേണ്ടതുണ്ട്.