കൊച്ചി: വി.ഡി. സതീശൻ പ്രതിപക്ഷനേതാവായി വരുമോയെന്ന ആകാംക്ഷയിൽ കോൺഗ്രസിലെ യുവാക്കൾ. ഇടതുപക്ഷത്തിന് എന്നും തലവേദന സൃഷ്ടിച്ചിട്ടുള്ള സതീശൻ നേതൃസ്ഥാനത്തു വന്നാൽ പുതിയ സർക്കാരിനു മുന്നിൽ പുതിയ പ്രതിപക്ഷവും അണിനിരക്കും. ചെറുപ്പക്കാരുടെ ഒരു നിരതന്നെ പ്രതിപക്ഷത്തുണ്ട്. അവരെ നയിക്കാൻ ചെറുപ്പക്കാരനായ ഒരാളെന്ന നിലയിലാണ് സതീശനു പ്രസക്തിയേറുന്നത്.

കോൺഗ്രസിലെ യുവ എം.എൽ.എ.മാരിൽനിന്ന് ഗ്രൂപ്പിനതീതമായ പിന്തുണ സതീശനുണ്ട്. ഹൈക്കമാൻഡിന്റെ ഹിതപരിശോധനയിൽ എറണാകുളം ജില്ലയിൽനിന്നുള്ള രണ്ട് ഐ ഗ്രൂപ്പ് എം.എൽ.എ.മാർ മാത്രമാണ് സതീശനെതിരേ നിലപാട് സ്വീകരിച്ചത്. എ ഗ്രൂപ്പ് നേതാവായ ഒരു എം.എൽ.എ. സ്വന്തംപേരാണ് നിർദേശിച്ചത്. രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരട്ടെയെന്ന തീരുമാനമാണ് എ ഗ്രൂപ്പ് നേതൃത്വം അവസാനഘട്ടത്തിൽ എടുത്തത്.

എന്നാൽ, ഗ്രൂപ്പിലെ മുഴുവൻപേരും അതിനെ പിന്തുണയ്ക്കാൻ തയ്യാറായില്ല. ഹൈക്കമാൻഡ് പ്രതിനിധികൾ അംഗങ്ങളെ ഒറ്റയ്ക്ക് കണ്ടപ്പോൾ എ വിഭാഗത്തിലെ മൂന്ന് എം.എൽ.എ.മാർ സതീശനെ പിന്തുണച്ചു. അവരുടെകൂടി പിന്തുണയോടെ 12 പേരുടെ പിന്തുണ സതീശനുണ്ടെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നത്.

പാർലമെന്ററി പാർട്ടിയിലെ ഭൂരിപക്ഷം മാത്രമാണ് നോക്കുന്നതെങ്കിൽ സതീശൻ പ്രതിപക്ഷ നേതാവാകുമെന്ന് അവർ പറയുന്നു. എന്നാൽ, കോൺഗ്രസ് പാർട്ടിയിൽ അവസാന ഘട്ടത്തിൽ എന്തും സംഭവിക്കാമെന്നതിനാൽ യുവ എം.എൽ.എ.മാർക്ക് ആശങ്കയുണ്ട്.

പറവൂരിൽനിന്ന് അഞ്ചാംതവണയും മിന്നുന്ന ജയം സ്വന്തമാക്കിയ സതീശൻ, നിയമസഭയ്ക്കകത്തും പുറത്തും സി.പി.എമ്മിന്റെ കണ്ണിലെ കരടാണ്. തെളിവുകൾ സഹിതം ഭരണപക്ഷത്തിനെതിരേ ആരോപണങ്ങൾ ഉന്നയിക്കുകയും അത് സംശയങ്ങൾക്കിടയില്ലാത്ത വിധം വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യുന്നതാണ് സതീശന്റെ ശൈലി.