എണ്‍പതിന്റെ നിറവ്

കൊച്ചി: എണ്‍പത് പിന്നിടുന്ന മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയെ ആദരിക്കാന്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഒരുക്കിയ ചടങ്ങ് മുതിര്‍ന്ന നേതാക്കളുടെ സംഗമ വേദിയായി. പിന്നിട്ട സമരോത്സുക കാലഘട്ടത്തെ നേതാക്കള്‍ ഓര്‍ത്തെടുത്തപ്പോള്‍ അത് കേരളത്തിലെ കെ.എസ്.യു.വിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും ചരിത്രമായി.

അനീതിക്കെതിരെ എപ്പോഴും പൊട്ടിത്തെറിക്കുന്ന ആളാണ് വയലാര്‍ രവി, ആ പൊട്ടിത്തെറിയാണ് കേരളത്തില്‍ പുതിയ സൂര്യോദയം ഉണ്ടാക്കിയതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. അദ്ദേഹത്തിന്റെ വിയര്‍പ്പിന്റേയും ത്യാഗത്തിന്റേയും ഫലമാണ് ഇന്നത്തെ കെ.എസ്.യു.

ഇ.എം.എസ്. സര്‍ക്കാരിന്റെ കിരാതവാഴ്ചയ്‌ക്കെതിരെ പോരാടിക്കൊണ്ടാണ് കെ.എസ്.യു. വളര്‍ന്നത്. കേരളത്തിലെ ഒരുപാട് നേതാക്കളെ വളര്‍ത്തിയത് വയലാര്‍ രവിയാണ്. 1959-ല്‍ എറണാകുളത്ത് വന്നപ്പോള്‍ മുതലാണ് രവി അടുത്ത ചങ്ങാതിയാവുന്നത്. യൂത്ത് കോണ്‍ഗ്രസ് ഓഫീസില്‍ കഞ്ഞിയും പയറും കഴിച്ചാണ് ഞങ്ങള്‍ ജീവിച്ചത്. ഇടയ്ക്ക് രവി എറണാകുളം മാര്‍ക്കറ്റ് റോഡിലേക്ക് മുങ്ങും. മേഴ്‌സി രവിയെ കാണാനാണെന്ന് ഞാന്‍ കണ്ടുപിടിച്ചു. എ.സി. ജോസും ഞാനുമാണ് അവരുടെ വിവാഹത്തിന് രജിസ്റ്റര്‍ ഓഫീസില്‍ സാക്ഷികളായത്. സിനിമയില്‍ കാണുന്നതുപോലെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയാണ് വിവാഹം നടത്തിയത് - ആന്റണി പഴയ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ വയലാര്‍ രവിയും ചിരിയോടെ കേട്ടിരുന്നു.

വയലാര്‍ജിയുടെ കല്യാണത്തിന് പൂമാല വാങ്ങി എത്തേണ്ട ചുമതലയായിരുന്നു തനിക്കെന്ന് ഉമ്മന്‍ചാണ്ടി ഓര്‍ത്തു. അന്ന് കെ.എസ്.യു. പ്രസിഡന്റായിരുന്ന കടന്നപ്പള്ളി രാമചന്ദ്രനേയും കൂട്ടിയാണ് മാല വാങ്ങാന്‍ പോയത്. കടന്നപ്പള്ളിക്ക് കാര്യമൊന്നും അറിയില്ലായിരുന്നു. മേഴ്‌സി രവിയുടെ വീട്ടുകാരുമായി ഉണ്ടായ പിണക്കം മാറ്റാനുള്ള സാഹസിക ദൗത്യവും പിന്നീട് വയലാര്‍ജി തന്നെയാണ് ഏല്പിച്ചത്. 1972-ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പിലൂടെ വന്ന ആദ്യത്തെ ചെറുപ്പക്കാരനായിരുന്നു അദ്ദേഹമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കുടുംബബന്ധത്തിലധിഷ്ഠിതമായ ഹൃദയബന്ധമുള്ള രാഷ്ട്രീയപ്രവര്‍ത്തന ശൈലിയാണ് കോണ്‍ഗ്രസിനെ വളര്‍ത്തിയതെന്ന് പ്രതിപക്ഷ നോതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വയലാര്‍ രവി കോണ്‍ഗ്രസിന് സംഭാവന ചെയ്ത ആ പ്രവര്‍ത്തന ശൈലി കൈവിടാതെ മുന്നോട്ടു കൊണ്ടുപോകാന്‍ പുതിയ തലമുറയ്ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഒരു കാലഘട്ടത്തിലെ ക്ഷുഭിത യൗവനത്തിന്റെ ഉജ്ജ്വല പ്രതീകമായിരുന്നു വയലാര്‍ രവിയെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സന്‍ പറഞ്ഞു. ക്ഷിപ്രകോപിയായ അദ്ദേഹം ക്ഷിപ്ര പ്രസാദിയുമാണ്. വയലാറിന്റെ പൊട്ടിത്തെറിയാണ് കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനങ്ങള്‍ക്ക് അച്ചടക്കമുള്ള നേതൃത്വത്തെ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

വയലാര്‍ ഗ്രാമത്തില്‍ നിന്ന് എറണാകുളത്തെത്തിയ തനിക്ക് അവിടെ നിന്നാണ് വളരാനും രാഷ്ട്രീയമായി മുന്നേറാനും കഴിഞ്ഞതെന്ന് വയലാര്‍ രവി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. എന്റെ പാര്‍ട്ടിക്ക് എനിക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന ചിന്തയാണ് വേണ്ടത്. കൊല്ലത്ത് തനിക്കൊപ്പം കെ.എസ്.യു. കെട്ടിപ്പടുക്കാന്‍ ഓടിനടന്ന സി.കെ. തങ്കപ്പനെ മറക്കാനാവില്ല. ചായക്കടക്കാരന്റെ മകനായിരുന്നു. ഒടുവില്‍ പ്രസ്ഥാനത്തിനു വേണ്ടി നടക്കുമ്പോഴാണ് പാമ്പുകടിയേറ്റത്. തന്റെ ൈകയില്‍ അമര്‍ത്തിപ്പിടിച്ചു കൊണ്ടാണ് മരിച്ചത് - വയലാര്‍ രവിയുടെ തൊണ്ടയിടറി. ജനങ്ങള്‍ക്കു വേണ്ടിയുള്ള ചിന്തയും ഐക്യവുമാണ് നമ്മുടെ ശക്തി. അതു കൈവിടാതെ മുന്നോട്ടു പോകണമെന്നും അദ്ദേഹം കൂട്ടിേച്ചര്‍ത്തു.

ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. ജോര്‍ജ് തരകന്‍, പി.സി. ചാക്കോ എന്നിവരും സംസാരിച്ചു. അജയ് തറയില്‍ സ്വാഗതവും അബ്ദുള്‍ മുത്തലിബ് നന്ദിയും പറഞ്ഞു.