തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ചികിത്സയിലുള്ള വാവ സുരേഷിനെ ആരോഗ്യനില തൃപ്തികരമായതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക വാർഡിലേക്കുമാറ്റി. ചൊവ്വാഴ്ച വൈകുന്നേരമാണ് വാർഡിലേക്കുമാറ്റിയത്. അപകടനില തരണംചെയ്തെങ്കിലും അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണമുണ്ടാകും.

സുരേഷിന് സൗജന്യ ചികിത്സ നൽകാൻ മന്ത്രി കെ.കെ. ശൈലജ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദിന്‌ നിർദേശംനൽകി. വാവ സുരേഷിനെയും ഡോക്ടർമാരെയും വിളിച്ച് മന്ത്രി കാര്യങ്ങളന്വേഷിച്ചു. വ്യാഴാഴ്ചയാണ് പാമ്പുകടിയേറ്റ് വാവ സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.