തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവാ സുരേഷ് ആരോഗ്യനില വീണ്ടെടുത്തതായി മെഡിക്കൽകോളേജ് സൂപ്രണ്ട് അറിയിച്ചു. തിങ്കളാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ രക്തം വീണ്ടും കട്ടപിടിച്ചുതുടങ്ങി. അപകടനില തരണം ചെയ്തുവെന്ന് സൂപ്രണ്ട് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജങ്‌ഷനിൽവെച്ചാണ് സുരേഷിന് കടിയേറ്റത്. ഒരുവീട്ടിൽനിന്ന് പിടിച്ച പാമ്പിനെ കുപ്പിയിലാക്കി കൊണ്ടുപോയ വഴി നാട്ടുകാരെ കാണിക്കാൻ പുറത്തെടുത്തപ്പോഴായിരുന്നു കടിയേറ്റത്.

പ്രാർഥനകൾക്ക് നന്ദി

സാമൂഹികമാധ്യമങ്ങളിൽ വരുന്ന തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾക്ക് പിന്നാലെ പോകരുതെന്ന് വാവാ സുരേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പേടിക്കേണ്ടതായി ഒന്നും ഇല്ല. ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഉടൻതന്നെ വാർഡിലേക്ക് മാറ്റും. പ്രാർഥിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും സുരേഷ് പറഞ്ഞു.