വരാപ്പുഴ: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സി.ഐ. ഉള്‍പ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥരെക്കൂടി സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരുടെ എണ്ണം ഏഴായി.

അന്വേഷണച്ചുമതല ഉണ്ടായിരുന്ന പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എസ്. ക്രിസ്​പിന്‍ സാം, വരാപ്പുഴ എസ്.ഐ. ജി.എസ്. ദീപക്, എ.എസ്.ഐ. സുധീര്‍, സി.പി.ഒ. സന്തോഷ് എന്നിവര്‍ക്കെതിരേയാണ് നടപടി. കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഐ.ജി. എസ്. ശ്രീജിത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സി.ഐ.യ്ക്കും എസ്.ഐ.യ്ക്കും ഗുരുതരവീഴ്ച പറ്റിയതായി ഡി.ജി.പി.ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദിവസത്തോളം കസ്റ്റഡിയില്‍ ഉണ്ടായിട്ടും ശ്രീജിത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് നടപടി സ്വീകരിച്ചില്ല. ശ്രീജിത്തിന്റെ ദേവസ്വംപാടത്തെ വീട്ടിലും ആത്മഹത്യചെയ്ത വാസുദേവന്റെ വീട്ടിലും ഐ.ജി. ശ്രീജിത്ത് എത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. വരാപ്പുഴ എസ്.ഐ. ദീപക്കിനെതിരേയാണ് ശ്രീജിത്തിന്റെ അമ്മയും ഭാര്യയും പ്രധാനമായും മൊഴിനല്‍കിയത്.