കൊച്ചി: വളപട്ടണം ഐ.എസ്. കേസിൽ മുഖ്യ മാപ്പുസാക്ഷിയുടെ മൊഴി ചോർന്നത് വിചാരണയെ ബാധിക്കുമെന്നു സൂചന.

ഭീകരസംഘടനയായ ഐ.എസിനുവേണ്ടി പോരാടാൻ സിറിയയിലേക്കു യുവാക്കളെ കടത്താൻ ശ്രമിച്ചെന്ന കേസുകളിൽ എൻ.ഐ.എ.യുടെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണു മൊഴി ചോർന്നിരിക്കുന്നത്. ഇതോടെ ഇനിയും വിസ്തരിക്കാനുള്ള മാപ്പുസാക്ഷികൾ സമ്മർദത്തിലായതായാണു സൂചന.

മൊഴികൾ നൽകിയ മാപ്പുസാക്ഷിയും സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി എൻ.ഐ.എ. ഉദ്യോഗസ്ഥരോടു പരാതിപ്പെട്ടിട്ടുണ്ട്. എൻ.ഐ.എ. പ്രത്യേക കോടതിയിൽ രഹസ്യവിചാരണയ്ക്കിടെ മാപ്പുസാക്ഷി നൽകിയ മൊഴികളുടെ അസ്സൽ പകർപ്പാണു ചോർന്നത്.

കോടതി രേഖപ്പെടുത്തിയ രഹസ്യ സാക്ഷിമൊഴികൾക്കും മൊഴിനൽകിയ സാക്ഷികൾക്കും നിയമപ്രകാരം ലഭിക്കേണ്ട സംരക്ഷണം സംബന്ധിച്ച കാര്യങ്ങളാണു തർക്കത്തിനിടയാക്കിയത്. രഹസ്യമൊഴി നൽകുന്ന സാക്ഷികൾക്കു സംരക്ഷണം നൽകാൻ വ്യവസ്ഥയുണ്ട്. സാധാരണ കേസുകളിൽ സാക്ഷികളുടെ മൊഴികളുടെ പകർപ്പുകൾ പ്രതിഭാഗത്തിനു നൽകാറുണ്ട്.

വളപട്ടണം കേസിലെ സംരക്ഷിതസാക്ഷികളുടെ രഹസ്യമൊഴികളുടെ പകർപ്പുകൾ പ്രതിഭാഗത്തിനു നൽകുന്നതു സംബന്ധിച്ചാണ് ആശയക്കുഴപ്പമുള്ളത്. പ്രതിഭാഗം മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട ചില സാക്ഷികൾ സംരക്ഷിതവിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. സംരക്ഷിതസാക്ഷികളുടെ സുരക്ഷയ്ക്കുവേണ്ടി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് ഇപ്പോൾ മൊഴി ചോർന്നിരിക്കുന്നത്.

രഹസ്യവിചാരണയിൽ എൻ.ഐ.എ. ജഡ്ജി രേഖപ്പെടുത്തിയ മൊഴികൾ കോടതിയിൽനിന്നു ചോരാനിടയായ സംഭവത്തിൽ എൻ.ഐ.എ.യും അന്വേഷണം തുടങ്ങി. അന്വേഷണസംഘം മാപ്പുസാക്ഷിയാക്കിയ രണ്ടുപേരുടെ മൊഴികൾ കേസിൽ നിർണായകമാണ്. ഇതിൽ ആദ്യ മാപ്പുസാക്ഷിയുടെ മൊഴികളാണു ചോർന്നിരിക്കുന്നത്. മാപ്പുസാക്ഷികൾ മൊഴി നൽകാത്ത സ്ഥിതിയിലേക്കെത്തിയാൽ അത്‌ വിചാരണയെ സാരമായി ബാധിക്കുമെന്നാണ്‌ നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Content Highlights: valappattanam isis case; statements leaked during investigation