വൈപ്പിന്‍: നാലുപതിറ്റാണ്ടുനീണ്ട കലാസപര്യക്കൊടുവില്‍ പൗളി വത്സനെത്തേടി അംഗീകാരമെത്തി. 37 വര്‍ഷം നാടകരംഗത്തായിരുന്ന അവര്‍ അഞ്ചുവര്‍ഷംമുന്‍പാണ് സിനിമയിലേക്കെത്തുന്നത്. രണ്ടും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസമായതോടെ പ്രിയപ്പെട്ട നാടകരംഗം വിട്ടു.

പി.ജെ. തിയേറ്റേഴ്‌സില്‍ തുടങ്ങി കേരളത്തിലെ ഒട്ടേറെ നാടകസംഘങ്ങളില്‍ സഹകരിച്ചു. ജീവിതപങ്കാളി വത്സനും നാടകരംഗത്തുതന്നെയാണ്. പേരക്കുട്ടിയുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് ഒരുദിവസം മുന്‍പുലഭിച്ച മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേട്ടം ഇരട്ടിമധുരമായി. രണ്ട് ആണ്‍മക്കളാണ് പൗളിക്കുള്ളത്.

അഞ്ചരവര്‍ഷംകൊണ്ട് 42 സിനിമകളില്‍ അഭിനയിച്ചു. അന്നയും റസൂലും, ഗപ്പി, ലീല എന്നിവയിലാണ് ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്തത്. മൂന്ന് അവാര്‍ഡുകള്‍ നാടകാഭിനയത്തിന് ലഭിച്ചെങ്കിലും സര്‍ക്കാര്‍ അവാര്‍ഡ് ആദ്യമാണ്.

അവാര്‍ഡ് വിവരമെത്തുമ്പോള്‍ പറവൂരിനടത്ത് പുത്തന്‍വേലിക്കരയില്‍ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു പൗളി. വൈപ്പിനിലെ വളപ്പ് സ്വദേശിയാണ്. വൈപ്പിന്‍കരയിലെ കലാകാരന്മാരുടെ സംഘടനയായ 'വാവ'യുടെ കേന്ദ്രസമിതി വൈസ് പ്രസിഡന്റ് കൂടിയാണിപ്പോള്‍.

കഴിഞ്ഞ വര്‍ഷം മികച്ച ബാലനടനുള്ള അവാര്‍ഡ് തേടിയെത്തിയത് വൈപ്പിന്‍കാരനായ ചേതന്‍ലാലിനായിരുന്നു. ശബ്ദമിശ്രണത്തിന് രണ്ടാംവട്ടവും സംസ്ഥാന അവാര്‍ഡ് നേടിയ രംഗനാഥ് രവീന്ദ്രനും വൈപ്പിന്‍സ്വദേശിയാണ്.