വൈപ്പിന്‍: കേരള മറൈന്‍ ഫിഷിങ് റഗുലേഷന്‍ ആക്ട് പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മുന്നോട്ടു വച്ചിട്ടുള്ള 24 ഇന നിര്‍ദേശങ്ങള്‍ മത്സ്യമേഖല ആശങ്കയോടെ കാണുന്നു.
കഴിഞ്ഞ 26ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മയുടെ അധ്യക്ഷതയില്‍ എറണാകുളത്ത് നടന്ന യോഗത്തിലാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചത്.
എല്ലാ മത്സ്യബന്ധന മേഖലകളിലും സമഗ്രമാറ്റം വരുന്ന നിര്‍ദേശങ്ങളാണ് യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടത്. ഇത് നടപ്പില്‍ വരുത്തിയാല്‍ കോടികള്‍ മൂല്യമുള്ള നിലവിലുള്ള മത്സ്യബന്ധന യാനങ്ങളും ഉപകരണങ്ങളും ഉപയോഗശൂന്യമാകും. വായ്പയെടുത്തും മറ്റും ആര്‍ജ്ജിച്ച ഇവ ഉപേക്ഷിച്ച് പുതിയതിലേക്ക് മാറുക എളുപ്പമല്ല.
പുതിയ യന്ത്രവത്കൃത ബോട്ടുകള്‍ക്കും ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും രജിസ്‌ട്രേഷനും ലൈസന്‍സും നല്‍കേണ്ടതില്ലെന്ന് നിര്‍ദേശമുണ്ട്. മത്സ്യബന്ധനത്തിന്റെ സുസ്ഥിരവും നീതിപൂര്‍വവുമായ ചൂഷണത്തിന് അനുവദിക്കാവുന്നതിന്റെ ഇരട്ടിയിലധികം യന്ത്രവത്കൃ ബോട്ടുകള്‍ നിലവിലുണ്ടെന്നതാണ് കാരണം.
മത്സ്യബന്ധന ലൈസന്‍സില്‍ വലയുടെ തരം, വലിപ്പം, കണ്ണികളുടെ വലിപ്പം എന്നിവ ഉള്‍പ്പെടുത്തും. പത്ത് കുതിരശക്തിയില്‍ കൂടുതലുള്ള എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മിനി ട്രോളിംഗ്, പെയര്‍ ട്രോളിംഗ് എന്നിവ നിരോധിക്കാനും നിര്‍ദേശമുണ്ട്. 25ഉം അതില്‍ കൂടുതലും കുതിരശക്തിയുള്ള എന്‍ജിനുകളാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. ദേശീയ കളര്‍കോഡിലേക്ക് മാറ്റാത്ത യാനങ്ങളുടെ ലൈസന്‍സ് സപ്തംബര്‍ 30ന് റദ്ദാക്കും.
ചെറുമത്സ്യങ്ങള്‍ പിടിക്കുന്നത് തടയുന്നതിന് കര്‍ശനമായ നിര്‍ദേശങ്ങളുമുണ്ട്. കേരള തീരത്തു നിന്ന് 12 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് 250 കുതിരശക്തിയോ അതിന് മുകളിലോ ഉള്ള 20 മീറ്ററിലധികം നീളമുള്ള യന്ത്രവല്‍കൃത ബോട്ടുകളെ നിരോധിക്കാനും നിര്‍ദ്ദേശമുണ്ട്. ഇത്തരം ബോട്ടുകള്‍ സംസ്ഥാനത്തെ ഹാര്‍ബറുകളില്‍ പ്രവേശിക്കുന്നതിന് നിബന്ധനകള്‍ കര്‍ശനമാക്കും.
ബോട്ടുകളിലെ ഡ്രൈവര്‍/സ്രാങ്ക് എന്നിവര്‍ക്കുള്ള ലൈസന്‍സ് നിര്‍ബന്ധമാക്കും. ഇതിനുള്ള പരിശീലനം ഘട്ടം ഘട്ടമായി നടപ്പിലാക്കും. മറ്റ് രാജ്യങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ കടന്നു കയറി മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെ രജിസ്‌ട്രേഷനും ലൈസന്‍സും റദ്ദാക്കും.
ആക്ട് പ്രകാരമുള്ള പിഴ വര്‍ധിപ്പിക്കും. ബോട്ട് ബില്‍ഡിംഗ്് യാര്‍ഡുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും. ബോട്ട് നിര്‍മ്മിക്കുന്നതിന് രൂപകല്‍പ്പന സഹിതം മുന്‍കൂര്‍ അനുവാദം വാങ്ങണം. ട്രോളിംഗ് നിരോധന കാലയളവ് കൂട്ടാനും നിര്‍ദ്ദേശമുണ്ട്.
അന്യസംസ്ഥാനങ്ങളില്‍ നിന്നും ലൈസന്‍സോ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അനുമതിയോ വാങ്ങിയിട്ടുള്ള യന്ത്രവല്‍കൃത ബോട്ടുകള്‍ കേരള തീരത്ത് 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ മത്സ്യബന്ധനം നടത്തുന്നത് നിരോധിക്കാനും നിര്‍ദ്ദേശമുണ്ട്.
2015 ആഗസ്ത് 20ന് മത്സ്യമേഖലയിലെ മുഴുവന്‍ സംഘടനകളും സര്‍ക്കാറും സി.എം.എഫ്.ആര്‍.ഐ. യും സംയുക്തമായി ഉണ്ടാക്കിയ പെരുമാറ്റച്ചട്ടം ഇതുവരെ പ്രായോഗികമാക്കാന്‍ കഴിഞ്ഞിട്ടില്ല. മുന്‍തീരുമാനങ്ങള്‍ നടപ്പിലാക്കാതെ അപ്രായോഗികമായ പുതിയ നിര്‍ദേശങ്ങളുമായി രംഗത്ത് വരുന്നതില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ എതിര്‍പ്പ് ഉയര്‍ത്തിക്കഴിഞ്ഞു.