കൊച്ചി: അഞ്ചു മണിക്കൂര്‍ തുടര്‍ച്ചയായി ഗായത്രിവീണയില്‍ ഗാനങ്ങള്‍ മീട്ടിയ വൈക്കം വിജയലക്ഷ്മിക്ക് ഒരേസമയം ഇരട്ട റെക്കോഡ്. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ എഷ്യ ബുക്ക് ഓഫ് റെക്കോഡ് ദക്ഷിണേന്ത്യ തലവന്‍ വിവേക് രാജ അവാര്‍ഡുകള്‍ വൈക്കം വിജയലക്ഷ്മിക്ക് കൈമാറി.

ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് അവാര്‍ഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡുമാണ് ഒരേ സമയത്ത് വിജയലക്ഷ്മി സ്വന്തമാക്കിയത്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റ് ചെയ്ത സംവിധായകനും സംഗീത സംവിധായകനുമായ ആനന്ദ് കൃഷ്ണയ്ക്കും ഈ അംഗീകാരം ലഭിച്ചു.

ഗായത്രിവീണയില്‍ ഇരട്ട റെക്കോഡ് സ്വന്തമാക്കുന്ന ആദ്യ വനിതയാണ് വൈക്കം വിജയലക്ഷ്മിയെന്ന് വിവേക് രാജ പറഞ്ഞു. ഇതിനുപുറമെ യു.കെ.യിലെ വേള്‍ഡ് റെക്കോഡ് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റിനും വൈക്കം വിജയലക്ഷ്മിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ ആറു മാസത്തിനകം പൂര്‍ത്തീകരിക്കും.

അദ്ഭുതകരമായ സംഭവമാണിപ്പോള്‍ നടന്നത്. വളരെയധികം സന്തോഷം തോന്നുന്നു. ഡോക്ടറേറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണെന്ന് വൈക്കം വിജയലക്ഷ്മി പറഞ്ഞു.