കാക്കനാട്: വൈഗ കൊലക്കേസിലെ പ്രതി സനു മോഹനെ നാല് ദിവസത്തേക്കു കൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി നീട്ടണമെന്ന തൃക്കാക്കര പോലീസിന്റെ ആവശ്യം കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്‌ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിൽ സനു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള മുംബൈ പോലീസിന്റെ അപേക്ഷ കോടതി മാറ്റിെവച്ചു.

വൈഗയുടെ അമ്മ രമ്യയുടെ ആലപ്പുഴയിലെ വീട്ടിലെയും കുട്ടിക്ക് അവസാനമായി ഭക്ഷണം വാങ്ങി നൽകിയ അരൂരിലെ ഹോട്ടലിലെയും തെളിവെടുപ്പ് പൂർത്തിയായിട്ടില്ല. ബുധനാഴ്ച സനു മോഹന്റെ ഭാര്യ രമ്യ, ഇവരുടെ സഹോദരി, ഭർത്താവ് എന്നിവരെ പോലീസ് നേരിട്ട് അന്വേഷണ വിവരങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. സനു മോഹനെ ഭാര്യയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. സനു മോഹന്റെ പല കാര്യങ്ങളും തനിക്കറിയില്ലായിരുന്നുവെന്നാണ് രമ്യ മൊഴി നൽകിയത്. മകൾക്ക് ഫോൺ വാങ്ങി നൽകിയതിനെ ചൊല്ലി ഭാര്യയുമായി തർക്കമുണ്ടായിരുന്നു എന്ന് സനു മോഹൻ പോലീസിനോട് പറഞ്ഞിട്ടുണ്ട്. കുടുംബ ചെലവുകൾ താങ്ങാൻ കഴിയാവുന്നതിന് അപ്പുറമായിരുന്നു എന്നും മൊഴിയിൽ പറയുന്നു. സാമ്പത്തിക ബാധ്യത മൂലം കൂട്ട ആത്മഹത്യയാണ് ആലോചിച്ചത്. എന്നാൽ ഭാര്യ സമ്മതിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു. തുടർന്നാണ് രമ്യയെ ഒഴിവാക്കി മകളുമായി മരിക്കാൻ തീരുമാനിച്ചതെന്നും ഇയാൾ ആവർത്തിച്ചിട്ടുണ്ട്. സനു കൊക്കക്കോളയിലാണ് മദ്യം കലർത്തി വൈഗയ്ക്ക് നൽകിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വൈഗയെ കൊലപ്പെടുത്താൻ സാമ്പത്തിക പ്രശ്നമല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പരിശോധിക്കും. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നതെന്നും ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് പോലീസ് നിഗമനം. ചോദ്യം ചെയ്യുമ്പോൾ വിചിത്ര രീതിയിൽ പെരുമാറുന്ന സാഹചര്യത്തിൽ മനഃശാസ്ത്രജ്ഞന്റെ സഹായം തേടാനും ഉദ്യോഗസ്ഥർ ആലോചിക്കുന്നുണ്ട്.

തിങ്കളാഴ്ച മുംബൈയിലേക്ക്

കാക്കനാട്: സാമ്പത്തിക തട്ടിപ്പ് കേസിൽ സനു മോഹനെ തിങ്കളാഴ്ച മുംബൈ പോലീസ് കസ്റ്റഡിയിൽ വാങ്ങും.

തിങ്കളാഴ്ച, ട്രാൻസിറ്റ് വാറണ്ട് അപേക്ഷ കോടതിയിൽ നൽകി ചോദ്യം ചെയ്യാനായി മുംബൈയിലേക്ക് കൊണ്ടുപോകാനാണ് സാധ്യത. മുംബൈയിൽനിന്ന് നാലു പേരടങ്ങുന്ന സംഘമാണ് പ്രതിയെ കൊണ്ടുപോകാൻ കൊച്ചിയിലെത്തിയിട്ടുള്ളത്. 2017-ലാണ് മഹാരാഷ്ട്ര പോലീസ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. 2016-ലായിരുന്നു സംഭവം. പുണെയിൽ ലെയ്ത്ത്, ഇരുമ്പ് ബിസിനസ് നടത്തുന്നതിനിടെ പ്രദേശത്തെ ചിട്ടിക്കമ്പനിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ചിട്ടി വിളിച്ചെടുക്കുകയും പിന്നീട് പണം നൽകാതെ കബളിപ്പിക്കുകയും ചെയ്തെന്നായിരുന്നു കേസ്.

Content Highlights: Vaiga murder case; Sanu remanded in custody for four more days