വടകര: ഒരു കാലത്ത് വാഗ്ഭടാനന്ദനാണ് അസഹിഷ്ണുതയുടെ ഇരയെങ്കില്‍ ഇന്ന് അത് എം.ടി. വാസുദേവന്‍നായരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മവിദ്യാസംഘത്തിന്റെ നൂറാം വാര്‍ഷികാഘോഷവും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 92-ാം വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൗലികമായ അഭിപ്രായങ്ങള്‍ ധീരമായി പറയുന്നവരെ ലോകം ആദരിക്കും. ഇത്തരക്കാര്‍ നാടിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുന്നവരായിരിക്കും. പൊതുവില്‍ വാഗ്ഭടാനന്ദനും എം.ടി.യും തമ്മിലുള്ള സാമ്യം ഇതാണ്. എന്നാല്‍, സത്യം നിര്‍ഭയമായി വിളിച്ചുപറയുമ്പോള്‍ ശത്രുക്കളുണ്ടാകും. അന്ന് വാഗ്ഭടാനന്ദന്റെ കാര്യത്തില്‍ സംഭവിച്ചതുതന്നെയാണ് ഇന്ന് എം.ടി.യുടെ കാര്യത്തിലും സംഭവിക്കുന്നത്.
എം.ടി. ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ ഒരഭിപ്രായം പറഞ്ഞു. എന്നാല്‍, ചിലര്‍ ചോദിക്കുന്നത് എം.ടി. ആരാണെന്നാണ്. എം.ടി. ആരാണെന്ന് ചോദിക്കുന്നത് മലയാളിയുടെ പ്രബുദ്ധതയ്ക്ക് അപമാനകരമാണ്. കേരളമാകെ എം.ടി.ക്കായി പ്രതിരോധത്തിന്റെ കോട്ട കെട്ടുമെന്നതില്‍ സംശയമില്ല - പിണറായി പറഞ്ഞു.
വിഗ്രഹാരാധന എതിര്‍ത്തതിനാണ് കല്‍ബുര്‍ഗിയെ ഫാസിസ്റ്റുകള്‍ വധിച്ചത്. പണ്ട് വാഗ്ഭടാനന്ദന്‍ എതിര്‍ത്തതും വിഗ്രഹാരാധനയെയാണ്. ഇന്നായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യാന്‍ കഴിയുമായിരുന്നോ എന്ന് ചിന്തിക്കണം. അന്ന് അസഹിഷ്ണുത കുറവായിരുന്നു. അന്ന് സംഘപരിവാര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് അസഹിഷ്ണുത അതിന്റെ പാരമ്യത്തിലാണ്.
കാലം മുന്നോട്ടുവെച്ച വെല്ലുവിളികളെ ഏറ്റെടുത്തുകൊണ്ട് മുന്നോട്ടുപോകാന്‍ കഴിഞ്ഞതാണ് ഊരാളുങ്കല്‍ സൊസൈറ്റിയുടെ(യു.എല്‍.സി.സി.എസ്.) വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു. സൊസൈറ്റിയുടെ പ്രഥമ വാഗ്ഭടാനന്ദ പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു.
എം.ടി.ക്കുള്ള പ്രശസ്തിപത്രം പ്രഭാവര്‍മ സമ്മാനിച്ചു. യു.എല്‍.സി.സി.എസ്. എം.ഡി. എസ്. ഷാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.എല്‍.എ.മാരായ സി.കെ. നാണു, എ. പ്രദീപ് കുമാര്‍, കെ. ദാസന്‍, പുരുഷന്‍ കടലുണ്ടി, വി.കെ.സി. മമ്മദ് കോയ, ഇ.കെ. വിജയന്‍, പാറക്കല്‍ അബ്ദുള്ള, പി.ടി.എ. റഹിം, വടകര നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.വി. കവിത, കെ.ഡി.സി. ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, ആത്മവിദ്യാസംഘം ജനറല്‍ സെക്രട്ടറി പി.വി. കുമാരന്‍, സുനില്‍ മടപ്പള്ളി, ഉമ്മര്‍ പാണ്ടികശാല, മുക്കം മുഹമ്മദ്, വടയക്കണ്ടി നാരായണന്‍, കെ. ലോഹ്യ, സി.എന്‍. വിജയകൃഷ്ണന്‍, എസ്.കെ. പുതിയവളപ്പില്‍, സി. സത്യചന്ദ്രന്‍, എ.ടി. ശ്രീധരന്‍, സുരേഷ് കൂടുത്താംകണ്ടി എന്നിവര്‍ സംസാരിച്ചു.