തിരുവനന്തപുരം: കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന വാക്‌സിന്‍ കാര്യക്ഷമമായി വിതരണം ചെയ്യുന്നുണ്ടെന്ന് സംസ്ഥാനം അവകാശപ്പെടുന്നുണ്ടെങ്കിലും സ്‌പോട്ട് രജിസ്ട്രേഷന് ഊന്നല്‍ നല്‍കിയതോടെ വിതരണവും താറുമാറായി. കോവിന്‍ പോര്‍ട്ടല്‍ വഴി മുന്‍കൂട്ടിയുള്ള രജിസ്ട്രേഷന്‍ ഭാഗികം മാത്രം.

സര്‍ക്കാര്‍ വിതരണകേന്ദ്രങ്ങളിലെത്തുന്ന വാക്‌സിനില്‍ ഭൂരിഭാഗവും തദ്ദേശസ്ഥാപനപ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും വീതംവെച്ചെടുക്കുകയാണ്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിപ്രതിനിധികളും ഇതിന്റെ പങ്കുപറ്റുന്നതിനാല്‍ ആരും പ്രതികരിക്കാന്‍ തയ്യാറല്ല.

സമയക്രമമില്ലാതെ ആളുകള്‍ വിതരണകേന്ദ്രങ്ങളില്‍ എത്തുന്നത് പലയിടത്തും ക്രമസമാധാനപ്രശ്‌നം സൃഷ്ടിക്കുന്നു. രണ്ടാം ഡോസിന് സമയമായെങ്കിലും യഥാസമയം വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന പരാതികളാണ് ഏറെയും. ഇതുസംബന്ധിച്ച പോര്‍ട്ടലില്‍നിന്നുള്ള മെസേജുമായി വിതരണകേന്ദ്രങ്ങളില്‍ നേരിട്ടെത്തുന്നവരുടെ മുന്നില്‍ ആരോഗ്യപ്രവര്‍ത്തകരും കൈമലര്‍ത്തുകയാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതലുള്ള സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ പൂര്‍ണമായും ബുക്കുചെയ്തുവെന്ന വിവരമാണ് തുടക്കത്തില്‍ത്തന്നെ കോവിന്‍ പോര്‍ട്ടലില്‍ ദൃശ്യമാവുന്നതെന്നും വിതരണകേന്ദ്രങ്ങളില്‍ നേരിട്ടെത്തുന്നവര്‍ പരാതിപ്പെടുന്നു.

18-ന് മുകളില്‍ സ്‌കൂള്‍ അധ്യാപകരും കോളേജ് വിദ്യാര്‍ഥികളും അടക്കം അറുപതിലധികം വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും പോര്‍ട്ടലില്‍ ഇതിനുള്ള സൗകര്യമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.

 ആദ്യഡോസ് -48 ശതമാനം പേര്‍ക്ക്, രണ്ടു ഡോസും -20 ശതമാനം പേര്‍ക്ക്

ആരോഗ്യപ്രവര്‍ത്തകരും മുന്നണിപ്പോരാളികളും -ആദ്യ ഡോസ് 100 %. രണ്ടാം ഡോസ് 82 %

 45-നുമുകളില്‍(1.13 കോടി) -75% പേര്‍ക്ക് ആദ്യ ഡോസ്.

 18-നും 44-നുമിടയില്‍ (1.50 കോടി) -ആദ്യ ഡോസ് 19% പേര്‍ക്ക് -രണ്ടാം ഡോസ് 2 % പേര്‍ക്ക്.

കേരളം പതിനൊന്നാം സ്ഥാനത്ത്

വാക്‌സിന്‍ വിതരണത്തില്‍ സംസ്ഥാനം ദേശീയതലത്തില്‍ പതിനൊന്നാം സ്ഥാനത്ത്. കേരളത്തെക്കാള്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളാണ് മുന്നില്‍ അധികവും.

ഉത്തര്‍പ്രദേശാണ് രാജ്യത്ത് ഏറ്റവും അധികം വിതരണം ചെയ്തത്. 3.61 കോടിയാളുകള്‍ക്ക് ആദ്യ ഡോസും 70 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

content highlights: Vaccine distribution: Kerala at 11th position