വത്തിക്കാൻ സിറ്റി: മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ഇന്ത്യൻ സംഘത്തെ നയിച്ചുകൊണ്ട് പങ്കെടുത്ത കേന്ദ്രമന്ത്രി വി. മുരളീധരൻ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. മഹാത്മാ ഗാന്ധിയുടെ വ്യാഖ്യാനത്തിലുള്ള ഭഗവദ് ഗീത അദ്ദേഹം പാപ്പയ്ക്കു സമ്മാനിച്ചു. നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിയ ആനയുടെ ശില്പവും സമ്മാനിച്ചു.

കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാപ്പ ആശംസ നേർന്നതായി മുരളീധരൻ പറഞ്ഞു. വത്തിക്കാൻ വിദേശകാര്യവകുപ്പിന്റെ ചുമതലവഹിക്കുന്ന ആർച്ച് ബിഷപ്പ് പോൾ ഗല്ലാഗറെയും അദ്ദേഹം സന്ദർശിച്ചു.

പ്രധാനമന്ത്രി ’മൻ കി ബാത്തി’ൽ സൂചിപ്പിച്ചപോലെ ആഗോള ക്രൈസ്തവ സഭ ഇന്ത്യയിൽനിന്നുള്ള കന്യാസ്ത്രീയെ അംഗീകരിച്ചത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന കാര്യമാണെന്നും മുരളീധരൻ പറഞ്ഞു.