ഉഴവൂർ: കോവിഡ് അടച്ചിടിൽമൂലം കൂലിപ്പണി ഇല്ലാതായതോടെ തന്റെ വീടിന്റെ ചോർച്ചമാറ്റുന്നതിന് സഹായം പ്രതീക്ഷിച്ചാണ് ഉഴവൂർ ഈസ്റ്റ് വള്ളിപ്പടവിൽമുക്കിൽ ചെമ്മനാനിക്കൽ രാധാകൃഷ്ണൻ ബാല്യകാല സുഹൃത്തായ ഉഴവൂർ കൈപ്പാറേട്ട് എബ്രാഹത്തെ സമീപിക്കുന്നത്.

സുഹൃത്തിന്റെ ദുരിതം തന്റെയും ദുഃഖമായി കണ്ട എബ്രാഹം 10 ദിവസംകൊണ്ട് വീടിന്റെ മുഖച്ഛായ തന്നെ മാറ്റിക്കൊടുത്തു. മേൽക്കൂരയിലെ ഓട്‌ മൊത്തം പൊളിച്ചുമാറ്റി, തകർന്ന ഷീറ്റും മാറ്റി, ചുവരുകളടക്കം സമിന്റ് തേച്ച് വൃത്തിയാക്കി. ഇലക്ട്രി‌ക്കൽ പണി പൂർത്തിയാക്കി. വീടിന്റെ പെയിന്റിങ്ങും നടത്തി.

രാധാകൃഷ്ണൻ ശ്വാസംമുട്ടലിന്റെ ദുരിതം അനുഭവിക്കുന്ന ആളാണ്. പനി പിടിച്ച് മൂന്ന് ദിവസം ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടിവന്നതോടെയാണ് എബ്രാഹത്തെ സമീപിക്കാൻ തയ്യാറായത്.

ഷിബു സ്റ്റീഫൻ, ബിനു ജോസ്, സ്റ്റീഫൻ വട്ടാടികുന്നേൽ, ഓട്ടോത്തൊഴിലാളികളായ സുധിക്കുട്ടൻ, ബെന്നി, ജോബി, ബിജോ, സുനീഷ്, രാജീവ്, ഇലക്‌ട്രീഷ്യൻ ബിജു, പെയിന്റർ ജോസ്, മേസ്തിരി മുന്നാഭായിയും കൂട്ടുകാരും വെൽഡർ സിജോ, മേസ്തിരി ബേബി തുടങ്ങിയവരും എബ്രാഹത്തിനൊപ്പം അറ്റകുറ്റപ്പണിക്കായി ചേർന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും എബ്രാഹം ശ്രദ്ധേയ മാതൃക കാണിച്ചിരുന്നു. അനുവാദം വേണ്ട, മാസ്‌ക് എടുക്കാം ഉപയോഗിക്കാം എന്ന് വീടിന് മുന്നിൽ ബോർഡ്‌വച്ച് മുഖാവരണവും ഒപ്പം വച്ചു. കോവിഡ് തുടങ്ങിയ സമയത്ത് വീടിന് മുന്നിൽ സോപ്പ്, അണുനാശിനി എന്നിവ ഉപയോഗിച്ച് കൈകൾ കഴുകിപോകാൻ സൗകര്യമൊരുക്കുകയും ഈ നിർദേശങ്ങൾ ചൂണ്ടികാണിച്ച് ബോർഡ് വയ്ക്കുകയും ചെയ്തിരുന്നു.

ഒടുവിലായി സ്വന്തം വാഹനവും ഡ്രൈവറെയും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ഒരു മാസത്തേക്ക് പഞ്ചായത്തിന് കൈമാറിയിരുന്നു.