കൊല്ലം : വിശ്രമജീവിതം സന്തോഷം നിറഞ്ഞതാകട്ടെയെന്ന്‌ വിരമിക്കൽദിനത്തിൽ മണിമേഖല ടീച്ചറോട്‌ സഹപ്രവർത്തകരാരും പറഞ്ഞില്ല. കുടുംബത്തോടൊപ്പം ആഹ്ളാദിച്ച്‌ ചെലവിടേണ്ട നാളുകളിൽ തീരാവേദനയോടെയുള്ള മടക്കം... യാത്രാമൊഴിയാണോ ആശ്വാസവാക്കുകളാണോ പറയേണ്ടതെന്ന്‌ അവർക്ക്‌ അറിയുമായിരുന്നില്ല. ടീച്ചറുടെ ഇനിയുള്ള ജീവിതം വിശ്രമമില്ലാത്തതാണെന്ന തിരിച്ചറിവോടെ സഹാധ്യാപകർ അവരെ യാത്രയാക്കുകയായിരുന്നു.

അഞ്ചൽ ഏറത്ത്‌ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ അമ്മ മണിമേഖല ശനിയാഴ്ചയാണ്‌ ആയൂർ ജവാഹർ സ്കൂളിൽനിന്ന്‌ പ്രഥമാധ്യാപികയായി വിരമിച്ചത്‌. രാവിലെ ഉത്രയുടെ മകൻ കിച്ചുവിനെ മാറോടു ചേർത്തുപിടിച്ചാണ്‌ അവർ സ്കൂളിലേക്ക്‌ എത്തിയത്‌. ചുമതല കൈമാറുമ്പോഴും എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോഴുമെല്ലാം കൗതുകത്തോടെ അവനെല്ലാം കണ്ടിരുന്നു. ബന്ധുവായ ശ്യാമിനൊപ്പമാണ്‌ മണിമേഖല രാവിലെ സ്കൂളിലെത്തിയത്‌. പന്ത്രണ്ടുവർഷമായി അവർ ആയൂർ സ്കൂളിൽ ജോലിചെയ്യുകയാണ്‌. നേരത്തേ കുളത്തൂപ്പുഴയിലും ചോഴിയക്കോട്ടുമുള്ള സ്കൂളുകളിലാണ്‌ ജോലി ചെയ്തിരുന്നത്‌.

content highlights: uthra's mother manimekhala retires