കൊല്ലം: മൂർഖൻപാമ്പിനെക്കൊണ്ട് കടിപ്പിച്ച്‌ ഭാര്യയെ കൊന്ന കൊടുംക്രൂരതയ്ക്ക് 17 വർഷം തടവും ഇരട്ടജീവപര്യന്തവും. അഞ്ചൽ ഉത്ര വധക്കേസിലെ പ്രതിയും ഭർത്താവുമായ അടൂർ പറക്കോട് ശ്രീസൂര്യയിൽ സൂരജ് (27), സർക്കാർ ശിക്ഷയിളവ് നൽകിയില്ലെങ്കിൽ ആജീവനാന്തം ജയിലിൽ കഴിയേണ്ടിവരും. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് ശിക്ഷവിധിച്ചത്. 17 വർഷം ശിക്ഷ അനുഭവിച്ചതിനുശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ഇരട്ടജീവപര്യന്തം ഒരേകാലയളവിൽ അനുഭവിച്ചാൽമതി.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302 (കൊലപാതകം) വകുപ്പ് പ്രകാരം ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും പിഴയടയ്ക്കാതിരുന്നാൽ ഒരുവർഷം അധികതടവും 307-ാം വകുപ്പിന് (വധശ്രമം) ജീവപര്യന്തം തടവും 50,000 രൂപ പിഴയും പിഴയടയ്ക്കാതിരുന്നാൽ ആറുമാസം അധികതടവും വിധിച്ചു. 328-ന് (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം) 10 വർഷം തടവ്, 25,000 രൂപ പിഴ, 201-ന് (തെളിവ് നശിപ്പിക്കൽ) ഏഴുവർഷം തടവ്, 10,000 രൂപ പിഴ എന്നിവയാണ് ശിക്ഷ. 25,000 രൂപ പിഴയടച്ചില്ലെങ്കിൽ മൂന്നുമാസവും 10,000 രൂപ അടച്ചില്ലെങ്കിൽ ഒരുമാസവും അധികതടവ് അനുഭവിക്കണം. പിഴത്തുക ഉത്രയുടെ അച്ഛനുമമ്മയ്ക്കും വീതിച്ചുനൽകണം. ഉത്രയുടെ കുഞ്ഞിന് കൊല്ലം ലീഗൽ സർവീസസ്‌ അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.

പ്രതിയുടെ പ്രായവും ക്രിമിനൽ പശ്ചാത്തലമില്ലാത്തതും പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. വിധി കേൾക്കാൻ ഉത്രയുടെ പിതാവും സഹോദരനുമടക്കം വലിയ ആൾക്കൂട്ടമെത്തിയിരുന്നു. വിധിയിൽ തൃപ്തരല്ലെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും അമ്മയും അച്ഛനും പറഞ്ഞു.

2020 മേയ് ആറിന്‌ രാത്രി പാമ്പുകടിയേറ്റ, അഞ്ചൽ ഏറം ‘വിഷു’വിൽ (വെള്ളശ്ശേരിൽ) വിജയസേനൻ-മണിമേഖല ദമ്പതിമാരുടെ മകൾ ഉത്രയെ ഏഴിനു പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സൂരജ് മൂർഖൻപാമ്പിനെക്കൊണ്ട്‌ കടിപ്പിച്ചു കൊലപ്പെടുത്തി എന്നായിരുന്നു കേസ്. കൊല്ലം റൂറൽ എസ്.പി. ആയിരുന്ന ആർ. ഹരിശങ്കറിെൻറ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യായിരുന്ന എ. അശോകനാണ് കേസന്വേഷിച്ചത്. അഡ്വ. ജി. മോഹൻരാജാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.