കൊല്ലം: കോടതിമുറിയിൽ കൂസലില്ലാതെയാണ് ഉത്രവധക്കേസ് പ്രതി സൂരജ് നിന്നത്. ജഡ്ജി ശിക്ഷാവിധി വായിച്ചപ്പോഴും യാതൊരു ഭാവഭേദവുമില്ലായിരുന്നു. വായിച്ചുതീർന്നപ്പോൾ പ്രതിക്കൂട്ടിൽനിന്നിറക്കി. തൊട്ടടുത്തുനിന്ന തന്റെ അഭിഭാഷകരോട്, വിധിയെന്താണെന്ന് ചോദിച്ചു. വധശിക്ഷയില്ലെന്നും തടവേയുള്ളൂവെന്നും അഭിഭാഷകർ പറഞ്ഞപ്പോഴും നിർവികാരനായി നിൽക്കുകയായിരുന്നു.

ദുഃഖഭാരം താങ്ങാനാകാതെ കോടതിവരാന്തയിലിരുന്ന ഉത്രയുടെ അച്ഛൻ വിജയസേനന്റെയും സഹോദരൻ വിഷുവിന്റെയും മറ്റു ബന്ധുക്കളുടെയും സമീപത്തുകൂടിയാണ് സൂരജിനെ കൊണ്ടുപോയത്. സൂരജിനെ കണ്ട് മറ്റു ബന്ധുക്കൾ മുഖംതിരിച്ചു. വിജയസേനനെ കണ്ടയുടൻ സൂരജ് വേഗത്തിൽ മുറിക്കുള്ളിലേക്കു പോകുകയായിരുന്നു.

കോടതിയിൽ നടന്നത്

രാവിലെ 11.50

ജില്ലാ ജയിലിൽനിന്ന് എതിർവശത്തുള്ള കോടതിയിലേക്ക് കനത്ത പോലീസ് കാവലിൽ പ്രതി സൂരജ് എസ്. കുമാറിനെ എത്തിച്ചു. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി മുറിയിൽ കയറ്റിയപാടേ പ്രതിയുടെ വിലങ്ങഴിച്ചു. പ്രതിക്കൂടിനോടുചേർന്ന് ഭിത്തിയിൽ ചാരിനിന്ന സൂരജിനോട് അഭിഭാഷകർ സംസാരിച്ചുകൊണ്ടിരുന്നു. എല്ലാം തലയാട്ടി കേട്ടു.

11.59

ജഡ്ജി എം. മനോജ് സീറ്റിലെത്തി. 12 മണിയോടെ ശിക്ഷാവിധി വായിച്ചുതുടങ്ങി. മാധ്യമപ്രവർത്തകരും അഭിഭാഷകരുമെല്ലാം ശ്രദ്ധയോടെ വിധി കേട്ടുകൊണ്ടിരുന്നു. സൂരജ് കൂസലില്ലാതെ പ്രതിക്കൂട്ടിൽ നിന്നു. 12.14-ന് വിധി വായിച്ചുതീർന്ന ജഡ്ജി മുറിയിലേക്ക് മടങ്ങി. പ്രതിക്കൂടിന് പുറത്തിറങ്ങിയ സൂരജ് പുറത്ത് കസേരയിലിരുന്നു.

12.22

ജയിലേക്ക് അയക്കുന്നതിനുമുമ്പ് തിരിച്ചറിയൽ അടയാളം പരിശോധിച്ചു

12.25

സൂരജ് പ്രതിക്കൂടിന് പുറത്ത് കസേരയിലിരുന്നു. അഭിഭാഷകരുമായി സംസാരിച്ചു.

3.15

വിധിന്യായത്തിന്റെ പകർപ്പ് നൽകിയശേഷം വീണ്ടും ജയിലിലേക്ക് കൊണ്ടുപോകാനായി കോടതിയിൽനിന്നിറക്കി. മാധ്യമങ്ങളോട് അപ്രതീക്ഷിത പ്രതികരണം. കോടതിയിൽനടന്ന ഒരു കാര്യവുമല്ല പത്രങ്ങളിലും മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്നതെന്ന് മാധ്യമപ്രവർത്തകരെ നോക്കി സൂരജ് വിളിച്ചുപറഞ്ഞു. തന്നെയും ഉത്രയെയും കുഞ്ഞിനെയുംപറ്റി പറയുന്നതെല്ലാം തെറ്റാണ്. ഉത്ര ബി.എ.വരെ പഠിച്ചവളാണ്. ഉത്രയുടെ അച്ഛൻ കോടതിയിൽ നൽകിയ മൊഴി മാത്രം വായിച്ചുനോക്കിയാൽ എല്ലാ കാര്യങ്ങളും മനസ്സിലാകുമെന്നും സൂരജ് പറഞ്ഞു.

കുറ്റം വീണ്ടും നിഷേധിച്ച് സൂരജ്

ഉത്രയെ കൊലപ്പെടുത്തിയശേഷം മാധ്യമങ്ങൾക്കുമുന്നിൽ സൂരജ് പലതവണ കുറ്റം നിഷേധിച്ചിരുന്നു. തെളിവെടുപ്പിനായി ഉത്രയുടെ വീട്ടിലെത്തിച്ചപ്പോൾ ഞാനൊന്നും ചെയ്തിട്ടില്ലച്ഛാ എന്ന് ഉത്രയുടെ അച്ഛനോട് സൂരജ് ഉറക്കെ വിളിച്ചുപറഞ്ഞിരുന്നു. പിന്നീട് എല്ലാം ഞാനാണ് ചെയ്തതെന്ന് മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തുകയും ചെയ്തു. എന്തിനാണ് ഇത് ചെയ്തതെന്ന ചോദ്യത്തിന് സൂരജ് വ്യക്തമായ മറുപടിനൽകിയതുമില്ല.