കൊട്ടാരക്കര: ഉത്രവധക്കേസിൽ പ്രതികളായ സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡികാലാവധി അഞ്ചുദിവസത്തേക്കുകൂടി കോടതി നീട്ടി. കസ്റ്റഡികാലാവധി കഴിഞ്ഞതിനെത്തുടർന്ന് രണ്ടുപേരെയും കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. ഗൂഢാലോചന സംബന്ധിച്ചും പാമ്പ് പിടിത്തത്തിൽ സൂരജിന് പരിശീലനം ലഭിച്ചത് സംബന്ധിച്ചും അന്വേഷിക്കുന്നതിനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്..

സൂരജിനെ പാമ്പുപിടിത്തം പഠിപ്പിച്ചതാര്?

സൂരജിന് പാമ്പുപിടിത്തത്തിൽ പരിശീലനം ലഭിച്ചത് ആരിൽനിന്നാണെന്ന് പോലീസ് അന്വേഷിക്കുന്നു. യുട്യൂബിൽ നോക്കിയാണ് പഠിച്ചതെന്ന് സൂരജ് പറഞ്ഞെങ്കിലും പോലീസ് പൂർണമായി വിശ്വസിക്കുന്നില്ല.

വീട്ടിൽ പാമ്പിനെ കണ്ടപ്പോൾ പിടികൂടിയതും ഉത്രയെ കടിപ്പിച്ച അണലിയെ എടുത്തു പുറത്തേക്കു കളഞ്ഞതും സൂരജായിരുന്നു. മൂർഖനെ ഉത്രയുടെ ദേഹത്തേക്കു കുടഞ്ഞിട്ടു കടിപ്പിച്ചെന്നാണ് മൊഴിയെങ്കിലും പാമ്പിനെ പിടിച്ചു കടിപ്പിക്കാനുള്ള സാധ്യതയും തള്ളുന്നില്ല. പാമ്പിനെ കൈകാര്യംചെയ്യാൻ നല്ല വൈദഗ്ധ്യമുള്ള ആൾക്കേ ഇതിനു സാധ്യമാകു. അതിനാൽ ആരെങ്കിലും സൂരജിനെ പരിശീലിപ്പിച്ചിട്ടുണ്ടെന്നുതന്നെയാണ് പോലീസ് കരുതുന്നത്. പാമ്പുപിടിത്തത്തിൽ വിദഗ്ധനായ സുരേഷ് സൂരജിനെ പരിശീലിപ്പിച്ചിരുന്നോ എന്ന അന്വേഷണവും നടത്തുന്നു.

content highlights: uthra murder case