കൊട്ടാരക്കര: കൊലപ്പെടുത്താനുള്ള ആദ്യശ്രമത്തിൽ പാമ്പുകടിയേറ്റ ഉത്ര ഉണർന്നു ബഹളംവെച്ചതിനെത്തുടർന്നാണ് രണ്ടാംശ്രമത്തിൽ ഡോളോ ഗുളികയ്ക്കൊപ്പം മയക്കുഗുളികയും നൽകിയതെന്ന് പ്രതി സൂരജിന്റെ മൊഴി.

ഗുളികയേതെന്നു കണ്ടെത്താൻ മെഡിക്കൽ സ്റ്റോർ ഉടമയെ കഴിഞ്ഞദിവസം പോലീസ് ചോദ്യംചെയ്തിരുന്നു. അടൂരിലെ വീട്ടിൽ അണലിയുടെ കടിയേറ്റദിവസം ഉത്രയ്ക്ക് ആറ് ഡോളോ ഗുളികകൾ പായസത്തിൽ കലർത്തിനൽകിയെന്നാണ് സൂരജിന്റെ മൊഴി. രാത്രിയിൽ അണലിയെ ഉത്രയുടെ ശരീരത്തിലേക്ക് കുടഞ്ഞിട്ടെങ്കിലും പാമ്പ് ആദ്യം കടിച്ചില്ല. കമ്പ് ഉപയോഗിച്ച് അണലിയെ ഉപദ്രവിച്ചപ്പോഴാണ് ഉത്രയുടെ കാലിൽ കടിച്ചത്.

തുണികൾക്കുമീതെയാണ് കൊത്തിയതെങ്കിലും രണ്ടു പല്ലുകളും കാലിൽ തറയ്ക്കുകയും രക്തം പൊടിയുകയും ചെയ്തു. മയക്കത്തിലായിരുന്ന ഉത്ര ഉണരുകയും എന്തോ കടിച്ചുവെന്ന് പറയുകയുംചെയ്തു. വീണ്ടും മയക്കത്തിലേക്കു പോയി. വേദനകൂടിയതോടെ ബഹളമുണ്ടാക്കി. അണലിയെക്കാൾ വേഗത്തിൽ പ്രകോപിതനാകുന്നതും കടിക്കുന്നതും മൂർഖൻപാമ്പായതിനാലാണ് രണ്ടാമത്തെ ശ്രമം മൂർഖനിലാക്കിയത്.

ഇത്തവണ ഉണരാതിരിക്കാൻ ഓറഞ്ച് ജ്യൂസിൽ ഗുളിക കലർത്തിയെന്നാണു മൊഴി. എന്നാൽ, ഇത് പോലീസ് പൂർണമായി വിശ്വസിക്കുന്നില്ല. എട്ടുഗുളിക അരച്ചുചേർത്താൽ വലിയ അരുചിയുണ്ടാവും. രാസപരിശോധനയിലൂടെയേ ഏതു മരുന്നാണെന്നു മനസ്സിലാകൂ. ഉത്ര മരിച്ചദിവസം തല്ലിക്കൊന്ന പാമ്പിന്റെ ചിത്രം ദൃശ്യമാധ്യമങ്ങളിൽ കണ്ടപ്പോഴേ സുരേഷ് തിരിച്ചറിഞ്ഞിരുന്നു ഇതു താൻവിറ്റ പാമ്പാണെന്ന്. വിവരം പോലീസിലറിയിക്കണമെന്ന് മക്കൾ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല.

തെളിവുകൾ സൂരജിനെതിരാണെന്ന പരാമർശം ടി.വി. ചാനലിൽ വന്നതോടെയാണ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടാനുള്ള ശ്രമം സൂരജ് നടത്തിയതെന്നു പോലീസ് പറയുന്നു. അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കങ്ങൾ പോലീസ് കസ്റ്റഡിയിലും സൂരജ് തുടരുന്നതായാണു നിഗമനം. ചോദ്യംചെയ്യലിനു കൊണ്ടുപോകുമ്പോൾ പൊട്ടിത്തെറിക്കുന്നതും ആരോപണങ്ങളുന്നയിക്കുന്നതും ഇതിന്റെ ഭാഗമാണെന്നും പോലീസ് സംശയിക്കുന്നു.